നേഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം: മൂന്നു സഹപാഠികൾ കസ്റ്റഡിയിൽ ; ഇവർക്കെതിരെ കേസെടുക്കും

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ചുട്ടിപ്പാറ സീപാസ് നഴ്‌സിങ് കോളജിലെ നാലാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു സഹപാഠികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരെയാണ് വൈകിട്ടോടെ കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്.ഐ.ആറിൽ മാറ്റം വരുത്തുമെന്നും പോലീസ് അറിയിച്ചു. ഇവർക്കെതിരെ അമ്മുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് താഴെവെട്ടിപ്രത്തെ എസ്.എസ്.എസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയത്. ഗുരുതരമായി പരുക്കറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
അമ്മുവിന്റെ സഹോദരൻ അഖിൽ സജീവ് ഇന്നലെ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. അമ്മു ആത്മഹത്യ ചെയ്തതല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് അഖിൽ മാധ്യമങ്ങളോട് പറഞ്ഞത്. കോളജ് അധികൃതരുടെയും ഹോസ്റ്റൽ അധികൃതരുടെയും നടപടി സംശയകരമാണ്. തങ്ങളുടെ ആവശ്യപ്രകാരമാണ് അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു വന്നത് എന്ന പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതരുടെ വിശദീകരണം തെറ്റാണ്. അമ്മയുടെ വീട് കോട്ടയത്താണ്. അതു കൊണ്ട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിൽ തങ്ങൾക്ക് എതിർപ്പുണ്ടായിരുന്നില്ല. പരുക്കേറ്റ അമ്മുവുമായി എത്തിയവരിൽ ആരോ ആകാം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകാൻ പറഞ്ഞതെന്നും അഖിൽ പറഞ്ഞു.

സഹപാഠികളായ മൂന്നു പെൺകുട്ടികൾ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിൻസിപ്പാളിന് പരാതി നൽകിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. മൈഗ്രേൻ പോലുളള ശാരീരിക ബുദ്ധിമുട്ടുകൾ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികൾ പല രീതിയിൽ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജിൽ നിന്നുളള സ്റ്റഡി ടൂറിന് പോകാൻ തയാറാകാതിരുന്ന അമ്മുവിനെ ടൂർ കോഓർഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു.

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അമ്മുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കുന്നതിലും ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി എന്നെല്ലാമാണ് കുടുംബം ആവർത്തിക്കുന്നത്. അമ്മുവിന്റെ സഹോദരൻ അഖിലിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ പോലീസ് മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ആരോപണവിധേയരായ പെൺകുട്ടികളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്റെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. ക്ലാസിൽ സഹപാഠികൾ തമ്മിലുണ്ടായ ഭിന്നത കാരണമായി. അതിനിടെ, പോലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *