ദുരന്ത പ്രതിരോധ നിവാരണ പരിശീലന അന്താരാഷ്ട്ര കോൺഫറൻസിന് ബിലീവേഴ്സ് ആശുപത്രിയിൽ തുടക്കമായി

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പ്രവർത്തന രീതികൾ ഏകോപിപ്പിച്ച് മെഡിക്കൽ ജീവനക്കാർ മുതൽ സാധാരണ ജനങ്ങൾ വരെയുള്ളവരെ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര കോൺഫറൻസിന് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടക്കമായി. അൺ ഫോൾഡിങ് ന്യൂവർ ഇന്നോവേഷൻസ് ഫോർ ടുമാറോസ് എമർജൻസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് – UNITED 24 എന്നതാണ് പ്രസ്തുത അന്താരാഷ്ട്ര കോൺഫറൻസിന് നൽകിയിരിക്കുന്ന പേര് . ജോൺസ് ഹോപ്പ്ക്കിൻസ് സർവ്വകലാശാലയിലെ അഭയാർത്ഥി – ദുരന്ത നിവാരണ കേന്ദ്രത്തിൻ്റെ സ്ഥാപകനും ദുരന്ത നിവാരണ – പ്രതിരോധ പ്രവർത്തന മേഖലയിലെ അന്താരാഷ്ട്ര പ്രശസ്ത വ്യക്തിത്വവുമായ ഡോ ഗിൽബർട്ട് ബേംഹാം കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അസോ .ഡയറക്ടറും കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ ജോൺ വല്യത്ത്, കോന്നി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ സെൻറർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും കോൺഫറൻസ് ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ ജിജു ജോസഫ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പ്രൊഫ ഡോ ജോംസി ജോർജ് , റവ ഫാ തോമസ് വർഗീസ്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീമതി റോസി മാർസൽ, എൻ ആർ സി എൻ സി ഡി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജോൺസൺ ഇടയാറന്മുള എന്നിവർ സംബന്ധിച്ചു.

ദുരന്ത നിവാരണ മാർഗങ്ങളെപ്പറ്റി മെഡിക്കൽ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ബോധവൽക്കരണം നൽകുന്നതിനായി സംഘടിക്കപ്പെട്ട കോൺഫറൻസ് നാല് ദിവസം നീണ്ടുനിൽക്കും. മൊറാൻ മോർ അത്തനെഷ്യസ് യോഹാൻ സ്മാരക കൺവെൻഷൻ സെൻററിൽ നടക്കുന്ന കോൺഫറൻസിൽ അമേരിക്കയിലെ വെയ്ൻ യൂണിവേഴ്സിറ്റി, ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, വെല്ലൂർ സിഎംസി , നിംഹാൻസ് , നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി തുടങ്ങി ഈ മേഖലയിലെ ആധികാരിക കേന്ദ്രങ്ങളാണ് ബിലീവേഴ്സ് ആശുപത്രിയുമായി സഹകരിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം ആദ്യം നടന്ന സെഷനിൽ ദുരന്തങ്ങൾക്ക് മുൻപേ എടുക്കേണ്ട പ്രതിരോധനടപടികളെക്കുറിച്ചും പ്രതികരിക്കേണ്ട രീതികളെക്കുറിച്ചും ഡോ ഗിൽബർട്ട് ബേംഹാം വിശദമായ പ്രഭാഷണം നടത്തി. ദുരന്തത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളുടെ ഏകോപനരീതികളെക്കുറിച്ചും ദുരന്തബാധിതരുടെ മാനസികവും സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ അവസ്ഥകളെ വേണ്ടവിധം അഭിസംബോധന ചെയ്യേണ്ടതിനെക്കുറിച്ചും ഓക്ലാൻഡ് സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ട്രിനി എ മാത്യുവും ബാംഗ്ലൂർ നിംഹാൻസിലെ അഡീഷണൽ പ്രഫസർ ഡോ ജയകുമാർ സി.യും വ്യത്യസ്ത സെഷനുകൾ കൈകാര്യം ചെയ്തു. ദുരന്തങ്ങൾക്ക് ശേഷം നടക്കേണ്ട ചികിത്സ – പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ചും ആഗോളകാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും ആരോഗ്യമേഖലയിൽ ഉണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യങ്ങളെകുറിച്ചും കോൺഫറൻസിൽ നടന്ന ചർച്ചയിൽ ഡോ റോക്സ് മാത്യു കോൾ , ഡോ വിജയ അരുൺകുമാർ, ഡോ ജസീല എ, ശ്രീമതി കെൽസി ട്രുലിക്, മിസ് സിയാ അരുൺ എന്നിവർ പങ്കെടുത്തു. 400 ഓളം പേർ പങ്കെടുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ അന്താരാഷ്ട്ര ദുരന്തനിവാരണ പരിശീലന പരിപാടിയായ യുണൈറ്റഡ് കോൺഫറൻസിൽ സർക്കാർതലത്തിൽ മുതൽ പൊതുജനപങ്കാളിത്ത മേഖലകളിൽ വരെ അനിവാര്യമായി നടത്തേണ്ട പരിശീലന ബോധവൽക്കരണ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *