മഴയുടെ നാടായ പത്തനംതിട്ടയിലെ ചലച്ചിത്രമേളക്ക് ഇന്ന് സമാപനം !!

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : വെയിലും.. ഇടയ്ക്കിടെ മഴയും.. അതൊന്നും കാര്യമാക്കാതെ സിനിമാ ആസ്വാദകർ ഒഴുകിയെത്തിയ കാഴ്ചയാണ് മഴയുടെ നാടായ പത്തനതിട്ടയിലെ ചലച്ചിത്ര മേളയിൽ കണ്ടത്. മഹാരഥന്മാരെ സിനിമക്ക് സമ്മാനിച്ച പത്തനംതിട്ടയിലെ ആദ്യ ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയിറക്കം. വെള്ള സ്ക്രീനിൽ മിന്നിമായുന്ന വെളിച്ചത്തിൽ തലമുറകൾ ഒന്നിച്ചിരുന്ന് പൊട്ടിച്ചിരിച്ചും കണ്ണീർതുടച്ചും ഒക്കെ മനസ്സ് നിറച്ചാണ് പ്രേക്ഷകർ രണ്ടാംദിനവും തീയേറ്റർ വിട്ടത്. നൂറുവർഷം മുമ്പ് സോവിയറ്റ് യൂണിയനിൽ പിറന്ന ബാറ്റിൽഷിപ്പ് പോട്ടംകിനും മലയാളത്തിൽ 2023-ൽ തുറന്ന അദൃശ്യജാലകങ്ങളും കാലത്തെ അതിജീവിക്കുന്ന കഥകൾക്ക് ഉദാഹരണം. മനുഷ്യർക്ക് കഥകളറിയാൻ ഭാഷ പ്രശ്നമേ അല്ലെന്ന് ലെബനീസ് ചിത്രമായ കപെർനിയവും പോംഗ്രനേറ്റ് ഓർചാ‍ഡ് എന്ന അസർബൈജാനിയൻ ചിത്രവും തെളിയിച്ചു. നഗരസഭ സംഘടിപ്പിക്കുന്ന പത്തനംതിട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അവസാന ദിനവും കൂടുതൽ തെളിമയുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും..

ചലച്ചിത്രമേളയുടെ രണ്ടാംദിനം 14 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മുതിർന്നവർക്കൊപ്പം വിദ്യാർഥികളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായിരുന്നു. മേളയുടെ ഭാഗമായി ഓപ്പൺ ഫോറവും സെമിനാറും പുസ്തകപ്രകാശനവും നടന്നു.

മൂന്നാം ദിവസമായ ഇന്നത്തെ പ്രദർശനം

(തിയേറ്റർ സ്ക്രീൻ, സിനിമ, പ്രദർശനസമയം എന്ന ക്രമത്തിൽ)

ട്രിനിറ്റി സ്ക്രീൻ രണ്ട്: ടേസ്റ്റ് ഓഫ് ചെറി (9.30), ബി 32 മുതൽ 44 വരെ (11.30), അദൃശ്യജാലകങ്ങൾ (2.15)

ട്രിനിറ്റി സ്ക്രീൻ മൂന്ന്: മാൻഹോൾ (9.30), മഹാനഗർ (11.15), വലസൈ പറവകൾ (2.30)

രമ്യ: ദ പിയാനിസ്റ്റ് (9.30), അനന്തരം (2)

ടൗൺ ഹാൾ: ദ ലഞ്ച് ബോക്സ് (9.30), കോർട്ട് (2.30)

ഇന്നത്തെ സിനിമകളിലൂടെ

ടേസ്റ്റ് ഓഫ് ചെറി- 1997ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ പേർഷ്യൻ ചിത്രം. ആത്മഹത്യചെയ്യാൻ നിശ്ചയിച്ച ബാദിയെന്ന മദ്ധ്യവയസ്‌കൻ ഈ കൃത്യത്തിന് തന്നെ സഹായിക്കാൻ തയ്യാറുള്ള സഹായിയെ തേടിയിറങ്ങുന്ന കഥ

ബി 32 മുതൽ 44 വരെ – ശ്രുതി ശരണ്യത്തിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങിയ മലയാള ചിത്രം അഞ്ച്‌ സ്ത്രീകളുടെയും ഒരു ട്രാൻസ്മാന്റെയും ജീവിതം പറയുന്നു.

അദൃശ്യജാലകങ്ങൾ- ഡോ.ബിജുവിന്റെ സംവിധാനത്തിൽ 2023-ൽ പുറത്തിറങ്ങി. മാനസികകേന്ദ്രത്തിൽനിന്ന് മോചിതനായി തന്റെ താമസസ്ഥലത്തേക്ക് എത്തുന്ന യുവാവിന്റെ കാഴ്ചയിലൂടെയും ചിന്തയിലൂടെയും പ്രണയം, യുദ്ധം, നഷ്ടം എന്നിവയെപ്പറ്റി പറയുന്നു.

മാൻഹോൾ- വിധു വിൻസന്റ് സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ചിത്രം. ശുചീകരണ തൊഴിലാളികളുടെ ദുരിതജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥ. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി.

മഹാനഗർ- സത്യജിത് റായുടെ മനോഹര രചന. പുരുഷകേന്ദ്രീകൃത സമൂഹത്തിൽ സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് ആത്മവിശ്വാസം നേടുന്ന മധ്യവർഗ സ്ത്രീകളെ അവതരിപ്പിക്കുന്ന ചിത്രം.

വലസൈ പറവകൾ- സുനിൽ മാലൂരിന്റെ സംവിധാനത്തിൽ 2023-ൽ റിലീസായ ചിത്രം ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ ജീവിതം അവതരിപ്പിക്കുന്നു.

ദ പിയാനിസ്റ്റ്- മൂന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പോളിഷ് ചിത്രം.രണ്ടാം ലോകമഹായുദ്ധത്തിൽ ജൂതന്മാരെ വേട്ടയാടുന്ന നാസി പട്ടാളത്തിന്റെ പിടിയിൽ വാർസോ നഗരം തകരുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ജൂത പിയാനിസ്റ്റിന്റെ കഥ. ലോക മാനവികതയുടെ നേർക്കാഴ്ച

അനന്തരം- അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ 1987-ൽ പുറത്തിറങ്ങിയ ചിത്രം. മാനസിക വിഭ്രാന്തിയിലാക്കപ്പെട്ട അജയൻ ജീവിതത്തിലെ രണ്ട് വ്യത്യസ്ത കഥകൾ പറയുന്നു. കഥാകഥനത്തിൻറെ സാമ്പ്രദായിക ശൈലികൾ ഉടച്ചുവാർത്ത സിനിമ.

ദ ലഞ്ച് ബോക്സ്- മുംബൈ നഗരത്തിന്റെ വിശപ്പകറ്റുന്ന ഡബ്ബാ വാലകൾക്ക് ഉണ്ടാകുന്ന ചെറിയ പിഴവിൽനിന്ന് പിറന്ന പ്രണയത്തെപ്പറ്റി പറയുന്ന സിനിമ. ഇന്ത്യൻ സിനിമയിലെ അതിമനോഹര കഥകളിലൊന്ന്.

കോർട്ട്- 18 മേളകളിൽ പ്രദർശിപ്പിച്ച മറാത്തി ചിത്രം. മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം നേടി. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ തുറന്നുകാട്ടുന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *