കെവി പ്രഭ രണ്ടും കൽപ്പിച്ചോ ? സിപിഎം യോഗത്തിൽ പങ്കെടുത്ത് നഗരസഭാ അഴിമതിക്കെതിരെ വാളെടുത്തു !!

Pathanamthitta Politics
Print Friendly, PDF & Email

പന്തളം: ബിജെപി ഭരിക്കുന്ന നഗരസഭയിൽ ഭരണ സമിതിക്കെതിരെ സിപിഎം സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത് ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കൗൺസിലർ. പന്ത്രണ്ടാം വാർഡ് കൗൺസിലർ കെ.വി പ്രഭയാണ് സിപിഎം പരിപാടിയിൽ പങ്കെടുത്ത് ഭരണ സമിതിക്കെതിരേ നിലപാട് എടുത്തത്. ഭരണ സമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെയാണ് സിപിഎം മാർച്ചും ധർണയും സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവായിരുന്നു ഉദ്ഘാടകൻ. ഈ വേദിയിലാണ് ബിജെപി കൗൺസിലർ കെ.വി പ്രഭ പങ്കെടുത്തത്. ഇദ്ദേഹത്തെ ബി.ജെ.പി.യുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി അച്ചടക്കം ലംഘിച്ചതിന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.

നഗരസഭയിൽ ബി.ജെ.പി. ഭരണത്തിലേറിയ സമയം മുതൽ ഭരണ സമിതിയിൽ നിന്നുകൊണ്ടുതന്നെ ഇവർക്കെതിരേ പല കാര്യങ്ങളിലും പൊരുത്തപ്പെടാത്ത നിലപാടുകളുമായി മുന്നോട്ടുപോകുകയായിരുന്നു കെ.വി. പ്രഭ. ഇടയ്ക്ക് ചെയർപേഴ്‌സണുമായി നേരിട്ട് കൊമ്പുകോർത്തതും വലിയ വിവാദമായിരുന്നു. ഒടുവിൽ വസ്തുനികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുള്ള കാര്യത്തിലാണ് ഭരണസമിതിക്കെതിരേ പ്രഭ ആഞ്ഞടിച്ചത്.
കഴിഞ്ഞ ദിവസം നഗരസഭയ്‌ക്കെതിരെ കോൺഗ്രസ്സ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലും പങ്കെടുത്തിരുന്നു. ഇപ്പോഴുള്ള സാഹചര്യത്തിൽ കെ.വി പ്രഭ സിപിഎം ചേരിയിലേക്ക് കാലം മാറ്റുമെന്നാണ് കണക്കു കൂട്ടുന്നത്.

ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ വൻ ഭൂരിപക്ഷത്തിലാണ് പന്തളം നഗരസഭയിൽ ബിജെപി അധികാരത്തിൽ വന്നത്. മുതിർന്ന നേതാവ് കെ.വി. പ്രഭ ചെയർപേഴ്‌സൺ ആകുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സുശീല സന്തോഷിനെയാണ് ചെയർപേഴ്‌സൺ ആക്കിയത്. ജനറൽ സീറ്റിൽ പട്ടികജാതി വനിതയെ ചെയർപേഴ്‌സൺ ആക്കിയ ബിജെപിയെുടെ നടപടി പരക്കെ അംഗീകരിക്കപ്പെട്ടു.
പക്ഷേ, അസംതൃപ്തനായ കെവി പ്രഭ അന്നു മുതൽ ഭരണ സമിതിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നു. ചെയർപേഴ്‌സനെതിരേ വീഡിയോ ച്രപരിപ്പിച്ചതിന്റെ പേരിൽ വലിയ വിവാദം നഗരസഭയിൽ ഉടലെടുത്തിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ട് താക്കീത് ചെയ്‌തെങ്കിലും അതെല്ലാം മറികടന്ന് വിമത പ്രവർത്തനവുമായി പ്രഭ മുന്നോട്ടു പോവുകയായിരുന്നു. ഇടതും വലതും അടക്കമുള്ള പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ കവച്ചു വയ്ക്കുന്ന തരത്തിലായിരുന്നു പ്രഭ ഭരണ സമിതിക്കെതിരേ രംഗത്തു വന്നത്. സഹികെട്ടാണ് നേതൃത്വം പ്രഭയെ സസ്‌പെൻഡ് ചെയ്തത്. പന്തളം പഞ്ചായത്ത് ആയിരിക്കുന്ന കാലം മുതൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിട്ടുള്ള ആളാണ് പ്രഭ.

Leave a Reply

Your email address will not be published. Required fields are marked *