കൊച്ചി: നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ക്രിമിനലുകൾക്കെതിരെ നിയമ നടപടികൾ കർശനമാക്കി എറണാകുളം റൂറൽ ജില്ലാ പോലീസ്. 2024 ഒക്ടോബർ മാസം വരെ വിവിധ കുറ്റകൃത്യങ്ങൾ ചെയ്ത 68 പേർക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ കൂടുതൽ കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി കേരളത്തിൽ 2007-ൽ നടപ്പിലാക്കിയ നിയമമാണ് കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ). കാപ്പ പ്രകാരം പിടിയിലാകുന്നവരുടെ കരുതൽ തടവ് കാലാവധി ഒരു വർഷമാണ്. ഗുണ്ട, റൗഡി എന്നീ രണ്ട് വിഭാഗമായി പരിഗണിച്ചാണ് തടവ് ശിക്ഷ തീരുമാനിക്കുന്നത്. ഏഴു വർഷത്തിനിടയിൽ കുറഞ്ഞത് മൂന്നു ക്രിമിനൽ കേസിൽ പ്രതിയായി, അവസാന കേസിൽ പ്രതിയായി ആറുമാസം കഴിയാത്തവരെയാണ് കാപ്പ ചുമത്താൻ ശുപാർശ ചെയ്യുന്നത്.
കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരാകുന്നവർക്ക് വീണ്ടും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് പോലീസ് മുന്നറിയിപ്പ് നോട്ടീസ് നൽകും. ഇത് ലംഘിച്ചാൽ നാടുകടത്താൻ നടപടിയെടുക്കാൻ അധികാരമുണ്ട്. ജില്ലയിൽ പ്രവേശിക്കാൻ അനുവാദമുണ്ടാകില്ല. ഇതു ലംഘിച്ചാൽ നിയമ നടപടികൾ സ്വീകരിക്കും.
2024-ൽ മാത്രം ഇത്തരം കാപ്പ നടപടിക്ക് എറണാകുളം റൂറലിൽ നടപടിക്ക് വിധേയരായത് 68 പേരാണ്. ഇതിൽ 15 പേരെ ജയിലിലടച്ചു. 37 കുറ്റവാളികളെ കാപ്പ ചുമത്തി റൂറൽ ജില്ലയിൽനിന്ന് നാടുകടത്തി. പതിനാറ് പേർ ബന്ധപ്പെട്ട ഡിവൈഎസ്പി/എസ് എച്ച് ഒ മുമ്പാകെ ഹാജരായി ഒപ്പിടണം. കുറ്റവാളികളുടെ സ്വഭാവവും കുറ്റകൃത്യങ്ങളുടെ എണ്ണവും അനുസരിച്ച് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയാണ് ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ജില്ലാ കളക്ടറാണ് ജയിലിലടയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്. റേഞ്ച് ഡി ഐ ജി നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കും.
സ്ഥിരം കുറ്റവാളികളായ കുറുപ്പംപടി ക്രരിയേലി ലിന്റോ, സഹാദരൻ ലാലു എന്നിവർ ജയിലിലാണ്. കൊലപാതകക്കേസിലെ പ്രതിയാണ് ലിന്റോ. തൃശൂരിൽ നിന്ന് മൂന്നരക്കോടിയുടെ സ്വർണ്ണം മോഷ്ടിച്ച കേസിൽ രണ്ടു പേരും പ്രതികളാണ്. ചെങ്ങമനാട് വിനു വിക്രമൻ വധക്കേസിലെ ഒന്നും, രണ്ടും പ്രതികളായ തിമ്മയ്യൻ എന്ന് വിളിക്കുന്ന നിധിൻ ദീപക്ക് എന്നിവരെയും കാപ്പ ചുമത്തിയിലിലടച്ചു. രാമമംഗലം രതീഷ്, നെടുമ്പാശ്ശേരി ലാൽകിച്ചു, വടക്കേക്കര ചാടു എന്ന് വിളിക്കുന്ന ജിതിൻകൃഷ്ണ, കാലടി ആഷിക്ക് ജോയി, അങ്കമാലി പുല്ലാനി വിഷ്ണു എന്ന് വിളിക്കുന്ന വിഷ്ണു, മുനമ്പം കുഞ്ഞൻ എന്ന് വിളിക്കുന്ന ആദർശ്, ഞാറയ്ക്കൽ ജിത്തൂസ്, അജിത്ത് ബാബു, കോടനാട് ആൽവിൻ ബാബു, കോതമംഗലം കറുകടം ദിലീപ്, മുനമ്പം ഷാൻ കുട്ടൻ തുടങ്ങിയവരെയും കാപ്പ ചുമത്തി ഈ വർഷം ജയിലിലടച്ചിരുന്നു. മയക്കുമരുന്നുകളുടെയും, സൈക്കോട്രോപ്പിക്ക് വസ്തുക്കളുടെയും കടത്ത് തടയുകയാണ് ലക്ഷ്യം.
What do you feel about this post?
Like
Love
Happy
Haha
Sad

