തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി റുമറ്റോളജി വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ ലോക വാതരോഗ ദിനമായ ഒക്ടോബർ 12 ന് ബോധവത്കരണ ക്ലാസുകൾ നടന്നു. ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര മുഖ്യപ്രഭാഷണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. റുമറ്റോളജി ആൻ്റ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗം മേധാവി അസോ. പ്രൊഫ ഡോ വിഷ്ണു എസ് ചന്ദ്രൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി ദിയ തെരേസ ജോസ്, ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ് ശ്രീമതി ജ്യോതി എസ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഇന്ത്യയിൽ റുമറ്റോളജി വിഭാഗത്തിൻ്റെ ആവിർഭാവത്തെക്കുറിച്ചും പല കാലങ്ങളായി വാതരോഗ ചികിത്സയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും വെല്ലൂർ സിഎംസി യിലെ തൻ്റെ സേവനകാലത്തെ സംഭവങ്ങൾ ഉദ്ധരിച്ച് പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത മുഖ്യപ്രഭാഷണത്തിൽ സംസാരിച്ചു. വാതരോഗങ്ങളെക്കുറിച്ചും അതിൻറെ ചികിത്സാ മാർഗങ്ങളെക്കുറിച്ചും ആമവാതം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അസോ. പ്രൊഫ ഡോ വിഷ്ണു എസ് ചന്ദ്രൻ വിശദമായ ക്ലാസ്സ് നയിച്ചു. ജീവിതശൈലിയും സാമൂഹിക – സാമ്പത്തിക സാഹചര്യങ്ങളും മൂലം വാതരോഗികളുടെ – പ്രത്യേകിച്ചും ആമവാതം ഉള്ളവരുടെ – ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും അവയെ നേരിടുവാൻ രോഗികളും അവരുടെ കുടുംബാംഗങ്ങളും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരും സംവിധാനങ്ങളും എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അസോ. പ്രൊഫ ഡോ വിഷ്ണു എസ് ചന്ദ്രൻ സൂചിപ്പിച്ചു. വാതരോഗം ഉള്ളവരുടെ മാനസികാരോഗ്യത്തെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ശ്രീമതി ദിയ തെരേസ ജോസും വാതരോഗികളുടെ ഭക്ഷണക്രമത്തെക്കുറിച്ച് ന്യൂട്രീഷനസ്റ്റ് ശ്രീമതി ജ്യോതി എസ് കൃഷ്ണനും ക്ലാസ്സ് നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് സംശയങ്ങൾ ചോദിക്കുവാനുള്ള അവസരമുണ്ടായിരുന്നു. സദസ്സിൽ ഉണ്ടായിരുന്ന നൂറോളം പേർ ക്ലാസിൽ പങ്കെടുത്ത് ചർച്ച സജീവമാക്കി .
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളാണ് വാതരോഗങ്ങളുമായി ബുദ്ധിമുട്ടുന്നത്. 1996 ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം ഇൻറർനാഷണൽ എന്ന സംഘടനയാണ് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിനായാണ് ലോക വാതരോഗ ദിനത്തിന് തുടക്കമിട്ടത്.


