പന്തളം: എംപിയുടെ വാഹനം കാറിൽ തട്ടിയതിന്റെ പേരിൽ യാത്രക്കാരന്റെ ബഹളം. പോലീസ് ഇടപെട്ടിട്ടും യുവാവ് ബഹളം തുടർന്നു. ഇയാളെ കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ കൊണ്ടു പോയി കാർ പരിശോധിച്ചപ്പോൾ നാലു ഗ്രാം കഞ്ചാവ് കണ്ടെത്തി.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നവരാത്രി മണ്ഡപത്തിന് സമീപമായിരുന്നു സംഭവം. മണ്ഡപത്തിൽ പരിപാടിക്ക് വന്ന ആന്റോ ആന്റണി എം.പിയുടെ വാഹനം സിഗ്നൽ കാത്തു കിടന്നിരുന്ന കാറിൽ തട്ടുകയായിരുന്നു. കാറിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്. എംപിയുടെ വാഹനം തട്ടിയതിന്റെ പേരിൽ ഇവർ ബഹളം കൂട്ടി. പോലീസ് സംഭവ സ്ഥലത്ത് എത്തിയതിന് പിന്നാലെ രണ്ടു പേർ സ്ഥലം വിട്ടു. പന്നിവിഴ ശ്രീഹരി വീട്ടിൽ ശ്രീജിത്ത് (37) പോലീസുമായി തർക്കത്തിൽ ഏർപ്പെട്ടു. എത്ര പറഞ്ഞിട്ടും കൂട്ടാക്കാതെ ഇയാൾ ബഹളം തുടർന്നപ്പോൾ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. ഇയാളെ മെഡിക്കൽ പരിശോധന നടത്തി. വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് നാലു ഗ്രാം കഞ്ചാവ് അടങ്ങുന്ന പൊതി കിട്ടിയത്.


