തലശേരി: കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി ആയിരുന്ന പുഷ്പൻ വിടവാങ്ങി. മൂന്ന് പതിറ്റാണ്ടു നീണ്ട കിടപ്പു ജീവിതത്തിനൊടുവിൽ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) മരണത്തിന് കീഴടങ്ങി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം.
കൂത്തുപറമ്ബിൽ 1994 നവംബർ 25ന് നടന്ന ഡിവൈഎഫ്‌ഐ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ സുഷുമ്നനാഡി തകർന്ന് ഇരുപത്തിനാലാം വയസിൽ കിടപ്പിലായതാണ് പുഷ്പൻ. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തരയാത്രയായിരുന്നു ജീവിതം. അസുഖബാധിതനായ ഓരോതവണയും മരണമുഖത്തുനിന്ന് കൂടുതൽ കരുത്തോടെ തിരിച്ചുവന്നു. സിപിഐ എം നോർത്ത് മേനപ്രം ബ്രാഞ്ചംഗമായിരുന്നു.
കർഷകതൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (താലൂക്ക് ഓഫീസ് തലശേരി).


