വിയന്റിയാൻ (ലാവോസ്) : ഏഷ്യൻ അണ്ടർ-20 ഫുട്‌ബോൾ യോഗ്യതാ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഡിഫൻഡർ തോമസ് ചെറിയാൻ ഇന്ത്യയെ നയിക്കും. ഗ്രൂപ്പ് ജി.യിലെ ആദ്യമത്സരത്തിൽ ഇന്ത്യ ബുധനാഴ്ച മംഗോളിയയെ നേരിടും. ലാവോസ് നാഷണൽ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മത്സരം. പത്തു ഗ്രൂപ്പുകളിലെ ആദ്യസ്ഥാനക്കാരും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും ചൈനയിൽ ഫെബ്രുവരിയിൽ നടക്കുന്ന ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ഇറാനുമായി 27-നും ലാവോസുമായി 29-നുമാണ് ഇന്ത്യയുടെ മറ്റുകളികൾ. ആദ്യമായി ഏഷ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. മൂന്നുമാസമായി ടീം പരിശീലനത്തിലാണെന്ന് ഇന്ത്യൻ കോച്ച് രഞ്ജൻ ചൗധരി പറഞ്ഞു. ആദ്യമത്സരത്തിൽ മികച്ചപ്രകടനം നടത്തുകയെന്നത് പ്രധാനമാണ്. കരുത്തരായ മംഗോളിയയ്ക്കെതിരേ ജയത്തിനായി ഏറ്റവും മികച്ചപ്രകടനം തന്നെ പുറത്തെടുക്കണം. കോച്ച് വ്യക്തമാക്കി.


