കോയിപ്രം: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടു പേർ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാർ മൈലക്കര പുലിക്കുഴി കിഴക്കൻകര പുത്തൻവീട്ടിൽ നിന്നും തോട്ടപ്പുഴശ്ശേരി നെടുംപ്രയാർ പ്രമാടത്തുപാറ താമസിക്കുന്ന ബി. ജയൻ(45), സുഹൃത്ത് പന്തളം കുളനട മാന്തുക ആഞ്ഞിലി മൂട്ടിൽ വടക്കേതിൽ പി.വി.സുരേഷ്(38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂൺ അഞ്ചിന് മീൻ വാങ്ങിക്കാൻ കൂട്ടിക്കൊണ്ടുപോയ ശേഷം ആറന്മുളയിലെ ഒരു പൊളിഞ്ഞ വീട്ടിൽ വച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്‌നഫോട്ടോകൾ മൊബൈലിൽ പകർത്തുകയും, അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വരെയുള്ള കാലയളവിൽ പലതവണ കുട്ടിയുടെ വീട്ടിൽ വച്ചും പ്രതികൾ ബലാൽസംഗത്തിന് വിധേയയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം ഹെൽപ്‌ലൈൻ മുഖേന അറിഞ്ഞ കോയിപ്രം പോലീസ്, വീട്ടിലെത്തി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം, ഊർജ്ജിതമാക്കിയ അന്വേഷണത്തെതുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ജയന്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


