കൂടൽ: ഇഞ്ചപ്പാറ പ്രദേശത്ത് കടുവ ഇറങ്ങിയതായി വ്യാജ ചിത്രം സൃഷ്ടിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച്, പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പാടം മാതൃക ഫോറെസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. കൂടൽ അതിരുങ്കൽ പാക്കണ്ടം നിരവേൽ വീട്ടിൽ ആത്മജ്(20), മനു ഭവനിൽ അരുൺ മോഹനൻ(32), ഹരിപ്പാട് നങ്യാർകുളങ്ങര ആദർശ് ഭവനിൽ ആദർശ് (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേരള പോലീസ് നിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രതികൾ ബന്ധുക്കളാണ്.
കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് വ്യാജ ചിത്രം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഇത് പ്രദേശത്തു ജനങ്ങൾക്കിടയിൽ ഭീതി പരത്തിയതിനെ തുടർന്ന് പാടം റേഞ്ച് ഫോറസ്റ്റ് ഓഫീസർ കൂടൽ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടർ ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ വലയിലായത്.
What do you feel about this post?
Like
Love
Happy
Haha
Sad

