പേവിഷബാധ പ്രതിരോധത്തിന് ജാഗ്രത വേണം: മന്ത്രി ജെ. ചിഞ്ചു റാണി

Kollam
Print Friendly, PDF & Email

കൊല്ലം -പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണ്ണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണവും ക്ഷീരവികസനവും വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഇതിനായി തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്‌സിൻ എടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും. വളർത്തുമൃഗങ്ങളുടെ കടിയേറ്റാൽ ചികിത്സ തേടാതെ അവഗണിക്കുന്നത് പേ വിഷബാധയേറ്റുള്ള മരണങ്ങൾക്ക് പോലും കാരണമാകാറുണ്ട്.

ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ നടപ്പിലാക്കുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നടത്തിയ ചടങ്ങിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2030 ഓടെ ജില്ലയിൽ തെരുവ് നായ്ക്കളുടെ ഉപദ്രവം പൂർണ്ണമായിഇല്ലാതാക്കുന്നതിനും പേവിഷബാധ ഉണ്ടാകുന്നതിനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കുന്നതിനും ലക്ഷ്യമിട്ടാണ് കമ്പാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ കൂടി സഹകരണത്തോടെ കൊല്ലം മുനിസിപ്പൽ കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്ന് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ക്ഷീരവികസന ബോർഡിന്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കൾക്ക് വാക്‌സിൻ നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റിന്റെ ഫ്‌ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു.

മേയർ പ്രസന്ന ഏണസ്റ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പവിത്ര യു പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *