തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെൺകുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാൻ സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഗുഹാവത്തി എക്സ്പ്രസ് ഇന്ന് രാവിലെ 10.45 ന് ചെന്നൈയിൽ നിന്നു പുറപ്പട്ടിട്ടുണ്ട്. കുട്ടി ഈ ട്രെയിനിൽ കയറിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ – എഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഒരു സംഘം അസമിലേക്കും പോകാൻ തീരുമാനിച്ചിരുന്നു.


