കതകിൽ മുട്ടുന്നത് നാല് വർഷവും തുടരട്ടെയെന്ന് സർക്കാർ തീരുമാനിച്ചു ; അതാണ് ഇപ്പോൾ വെളിവാകുന്നത് ; രാഹുൽ മാങ്കൂട്ടത്തിൽ.

Politics Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസായ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു. ഏറ്റവും വലിയ ഒരു തൊഴിൽ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഇതുവരെ ഒരു എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. തുടർനടപടി ഉണ്ടായില്ലാ എന്നുള്ളത് സർക്കാരിന്റെ കൃത്യവിലോപം തന്നെയാണ്. വിഷയത്തിൽ യൂത്ത് കോൺഗ്രസ് പരാതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു നോവലല്ല ക്രൈം റിപ്പോർട്ടാണ്. താരങ്ങൾക്ക് പ്രത്യേക പൗരത്വം ഒന്നും രാജ്യത്തില്ല. നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാരും സമന്മാരാണ്. ഗോവിന്ദച്ചാമിക്ക് ഇല്ലാത്ത എന്ത് എക്‌സ്ട്രാ പ്രിവിലേജാണ് സൂപ്പർതാരങ്ങൾക്ക് ഉള്ളത് ? ഇതിനുള്ള മറുപടി സംസ്ഥാന സർക്കാർ നൽകണം.

കതകിൽ മുട്ടുന്നത് നാല് വർഷവും തുടരട്ടെയെന്ന് സർക്കാർ തീരുമാനിച്ചു. ഒരു മന്ത്രി രാജി വയ്‌ക്കേണ്ട വിഷയത്തിൽ സർക്കാർ പെട്ടെന്ന് തീരുമാനം എടുത്തില്ലേ. പിന്നീട് ആ മന്ത്രിയെ തിരിച്ചെടുക്കുകയും ചെയ്തു. അതേ സർക്കാർ തന്നെയാണ് ഒരു റിപ്പോർട്ട് അഞ്ച് വർഷം പൂഴ്ത്തിവെച്ചത്. മന്ത്രി റിപ്പോർട്ട് വായിച്ചില്ലെന്ന് പറയുന്നു. പിന്നെ എന്തിനാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജനപ്രതിനിധികളായ സിനിമാതാരങ്ങൾ വിഷയത്തിൽ പ്രതികരിക്കണം.

പ്രധാനപ്പെട്ട ഒരു സൂപ്പർ താരം ഇന്ന് കേന്ദ്രമന്ത്രിയാണ്. സിനിമാ താരങ്ങളായ ഒരു മന്ത്രിയും എം.എൽ.എയും ഉണ്ട്. പ്രശ്നം പരിഹരിക്കാൻ ഈ മൂന്നുപേരും മുന്നോട്ട് വരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സിനിമ മേഖലയെ മുഴുവൻ അടച്ചാക്ഷേപിക്കുകയാണ്. തെറ്റ് ചെയ്ത ആളുകളെ ബോധപൂർവ്വം രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു. കുറ്റം ചെയ്ത ആളുകളെ വൺ ടു ത്രീ എന്ന് പറഞ്ഞ് നിയമത്തിന് മുന്നിൽ എത്തിക്കണം. വിഷയത്തിൽ സർക്കാർ മൗനം വെടിയണം. കുറ്റം ചെയ്ത താരത്തെ പുറത്ത് കൊണ്ട് വരാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ടെന്നും അദ്ദേഹം പത്തനംതിട്ടയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *