സംതൃപ്തിയോടെ മേജർ ജനറൽ വി.ടി മാത്യുവിൻ്റെ മടക്കം

Kerala Wayanad
Print Friendly, PDF & Email

വയനാട് – ചൂരൽ മലയിലും മുണ്ടക്കൈയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ ദുരന്തത്തിൽ ‘ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേജർ ജനറൽ വി.ടി മാത്യു നൂറുകണക്കിനാളുകൾക്ക് രക്ഷനേടാൻ വഴി തുറന്നതിൻ്റെ ചാരിതാർത്ഥ്യത്തിൽ മടങ്ങുന്നു. മേജർ ജനറലിന് നാടിൻ്റെ സ്നേഹവും ആദരവും അറിയിച്ച് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ യാത്രയയപ്പ് നൽകി.

ബാംഗ്ലൂരിലുള്ള കേരള -കർണാടക ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് ജില്ലയിലെ രക്ഷാപ്രവർത്തനങ്ങളും തെരച്ചിലും അദ്ദേഹം നിരീക്ഷിക്കും.
ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ നടന്ന ഉടൻ തന്നെ പോലീസ്, ഫയർഫോഴ്സ്, എൻ.ഡി.ആർ.എഫ് തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനം ആരംഭിച്ചു. ജൂലൈ 30ന് ഉച്ചയ്ക്ക് 12.30 നാണ് ഇന്ത്യൻ സേനാ വിഭാഗം എത്തുന്നത്. ആദ്യഘട്ടത്തിൽ തന്നെ നിരവധി ആളുകളെ രക്ഷിച്ചു. ജൂലൈ 31 നാണ് കേരള കർണാടക ജി.ഒ.സി (ജനറൽ ഓഫീസർ കമാൻഡിങ്) മേജർ ജനറൽ വി.ടി. മാത്യു വരുന്നതും രക്ഷാ ദൗത്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നതും. 500 ഓളം വരുന്ന സേനാംഗങ്ങളിൽ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിലെ ബെയ്‌ലി പാലം നിർമ്മിക്കുന്നതിൽ അതിവിദഗ്ധരായ സൈനികരും ഉൾപ്പെട്ടിരുന്നു. ആദ്യദിനം മുന്നൂറോളം പേരെയാണ് ദുരന്തമുഖത്ത് നിന്ന് എല്ലാവരും ചേർന്ന് രക്ഷപ്പെടുത്തിയത്. ഉടൻതന്നെ ബെയ്‌ലി പാല നിർമ്മാണവും ആരംഭിച്ചു. ഇതോടൊപ്പം അടിയന്തിര രക്ഷാപ്രവർത്തനത്തിന് നടപ്പാലവും നിർമ്മിച്ചു. അന്നുമുതൽ രക്ഷാപ്രവർത്തനത്തിന് മുമ്പിൽ ഉണ്ടായിരുന്നത് മലയാളിയായ മേജർ ജനറൽ വി.ടി മാത്യു ആയിരുന്നു. രാപകലില്ലാതെ മുഴുവൻ സേനാംഗങ്ങൾക്കൊപ്പം കഠിനപ്രയത്‌നം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഈ പ്രവർത്തനത്തെ നേരിട്ട് അഭിനന്ദിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഒന്നങ്കം രക്ഷാപ്രവർത്തനത്തെ അഭിനന്ദിച്ചു. ഏകദേശം 500 പേരെയാണ് രണ്ട് ദിവസം കൊണ്ട് രക്ഷപ്പെടുത്തിയത്. 500 സൈനികർ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രതികൂല കാലവസ്ഥയിൽ തീരെ പരിചയമില്ലാത്ത സ്ഥലമായിട്ടു കൂടി കൂടുതൽ പേരെ രക്ഷപ്പെടുത്തി വലിയ രക്ഷാദൗത്യം വിജയിപ്പിക്കാൻ സാധിച്ചതിൽ ഏറെ സംതൃപ്തിയുണ്ടെന്ന് വി.ടി മാത്യു പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്), സിവിൽ ഡിഫൻസ് ഉൾപ്പെടെ ഫയർഫോഴ്സ്, പോലീസ് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഇന്ത്യൻ സേനയുടെ വിവിധ വിഭാഗങ്ങളായ മിലിറ്ററി എൻജിനീയറിങ് ഗ്രൂപ്പ്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനീയേഴ്സ് ബ്രാഞ്ച്, ടെറിട്ടോറിയൽ ആർമി, ഡിഫൻസ് സെക്യൂരിറ്റി കോർപ്സ്, നേവി, കോസ്റ്റ് ഗാർഡ്, തമിഴ്നാട് ഫയർഫോഴ്സ്, ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഡെൽറ്റ സ്‌ക്വാഡ്, കേരള പൊലീസിന്റെ ഇന്ത്യൻ റിസർവ്ബറ്റാലിയൻ, വനം വകുപ്പ്, നാട്ടുകാർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നൽകിയ സേവനം രക്ഷാപ്രവർത്തനത്തിന് സഹായകമായി. സർക്കാരിന്റെ പ്രത്യേകിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടേയും കേരള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേരിട്ടുള്ള നിരീക്ഷണവും മാർഗ്ഗനിർദ്ദേശങ്ങളും രക്ഷാപ്രവർത്തനത്തിന് കരുത്തേകി. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിന്റെ കാര്യക്ഷമമായ പ്രവർത്തനവും ഏകോപനവും ഏറെ പ്രയോജനം ചെയ്തു. ആദ്യഘട്ടത്തിൽ ജീവൻ പോലും പണയപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആവശ്യമുണ്ടെങ്കിൽ വീണ്ടും ജില്ലയിൽ എത്തുമെന്നും മേജർ ജനറൽ പറഞ്ഞു. 1999 ൽ ഒറീസയിലുണ്ടായ ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം ഇത്രയും വലിയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ വയനാട് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. കുട്ടികളും പ്രായമായവരും സ്ത്രീകളും യുവാക്കളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ മരിച്ചതിൽ ഏറെ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ എല്ലാ സേനാംഗങ്ങളും പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലയിലെ തൊടുപുഴ ഏഴുമുട്ടത്താണ് വീ.ടി മാത്യുവിന്റെ ജനനം. മാതാപിതാക്കൾ പരേതനായ മാത്യു മാളിയേക്കൽ, റോസക്കുട്ടി മാത്യു മാളിയേക്കൽ. ഭാര്യ മിനി. മകൾ പിഫാനി സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്നു. മകൻ മെവിൻ ഡൽഹിയിൽ ബി ടെക് മൂന്നാം വർഷ വിദ്യാർത്ഥിയാണ്. പതിനൊന്നാം ക്ലാസ് വരെ(1985) തിരുവനന്തപുരം സൈനിക സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നാഷണൽ ഡിഫൻസ് അക്കാദമി പൂനെയിൽ പഠനവും പരിശീലനവും. തുടർന്ന് ഇന്ത്യൻ മിലിറ്ററി അക്കാദമിയിൽ പരിശീലനം. മദ്രാസ് റെജിമെന്റിലാണ് ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത്. പാക്കിസ്ഥാൻ അതിർത്തിയിലും (കാശ്മീരിൽ) ചൈന അതിർത്തിയിലും കമാൻഡിങ് ഓഫീസറായി ജോലി ചെയ്തിട്ടുണ്ട്. 2021 ൽ രാഷ്ട്രപതിയുടെ യുദ്ധ സേവാ മെഡലും 2023 ൽ രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാ മെഡലും നേടിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളായ സുഡാനിലും കോംഗോയിലും യു.എൻ സമാധാന സേനയുടെ ഭാഗമായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാവർക്കും ഒരു ബിഗ്സല്യൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *