ശബരിമലക്കായി വിമാനമിറക്കാൻ സ്ഥലമില്ലാതെയായി ; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കി

Kerala Kottayam Pathanamthitta
Print Friendly, PDF & Email

കോട്ടയം : എരുമേലിയിലുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, കോടതി വിധി എതിരായതോടെ നിർദിഷ്ട ശബരിമല വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം സർക്കാർ റദ്ദാക്കി. എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഇതേവരെ സ്വീകരിച്ച നടപടികളെല്ലാം ഇതോടെ ഇല്ലാതായി. ജൂലായ് 31-ന്‌ ഇതിനായി പ്രത്യേക ഗസറ്റ് വിജ്ഞാപനം ഇറക്കുകയായിരുന്നു. ഭൂമി ഉടമകളുടെ കൈകളിലേക്ക് തന്നെ സാങ്കേതികമായി മടങ്ങി.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമകളായ ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, സർക്കാർ നടപടികളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോൾ, രണ്ട് നിയമപ്രശ്നമാണ് സർക്കാരിന് നേരിടേണ്ടിവന്നത്. സാമൂഹികാഘാതപഠനം നടത്തിയ ഏജൻസി സ്വതന്ത്രമായിരിക്കണമെന്ന ചട്ടം ലംഘിക്കപ്പെട്ടതാണ് ഒന്ന്. എരുമേലിയിൽ പഠനം നടത്തിയത് സർക്കാർ പങ്കാളിത്തമുള്ള ഏജൻസിയായിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിന്റെ 2263.18 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം വിജ്ഞാപനങ്ങളിൽ സൂചിപ്പിച്ചില്ലെന്നതാണ് മറ്റൊന്ന്. ഭൂമി ആരുടേതെന്ന് വിജ്ഞാപനത്തിൽ പറയേണ്ടതുണ്ട്. ഇൗ കുറവുകൾ കോടതിയിൽ അംഗീകരിച്ച സർക്കാർ റദ്ദാക്കലിന് തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കാനുള്ള 2023 ജനുവരി 23-ലെ 4 (1) പ്രകാരമുള്ള പ്രാഥമികവിജ്ഞാപനം, വിമാനത്താവള രൂപവത്കരണം സംബന്ധിച്ച 2024 മാർച്ച് 13-ലെ വിജ്ഞാപനം എന്നിവ റദ്ദാകും. ഇനി സാമൂഹികാഘാതപഠനത്തിന് പുതിയ ഏജൻസിയെ കണ്ടെത്തുന്നതിനുള്ള താത്പര്യപത്രം ക്ഷണിക്കുന്നതടക്കം നടപടികൾ ആദ്യം മുതൽ തുടങ്ങേണ്ടിവരും. ഒരുവർഷം നീണ്ട പ്രവർത്തനമാണ് സാമൂഹികാഘാതപഠനം. ഇൗ റിപ്പോർട്ട് പരിശോധിക്കാനും ഭൂവുടമകളെ കാണാനും നിയോഗിച്ച വിദഗ്ധസമിതിക്കും ആറുമാസംവരെ പ്രവർത്തനം വേണ്ടിവന്നു.

കൊടുമണ്ണിൽ വിമാനത്താവളം സ്ഥാപിക്കണമെന്ന ആവശ്യവുമായി ചില രാഷ്ട്രീയ നേതാക്കളടക്കം രംഗത്തുണ്ട്. എന്നാൽ ഇനിയൊരു അന്താരാഷ്‌ട്ര വിമാനത്താവളം കൂടി കേരളത്തിൽ വരാനുള്ള സാദ്ധ്യത വളരെ കുറവാണ്. ശബരിമലക്ക് വേണ്ടി വിമാനത്താവളം എന്നത് അടുത്തൊന്നും നടക്കാൻ സാദ്ധ്യതയില്ല എന്ന് ചുരുക്കം. !!

 

Leave a Reply

Your email address will not be published. Required fields are marked *