വീടിനു മുന്നിൽ കാർ നിർത്തിയതിനു യുവാവിനെ കുത്തി ; പ്രതി റിജോയെ പോലീസ് അറസ്റ്റ് ചെയ്തു

Crime

അടൂര്‍: ഏഴംകുളം പട്ടാഴി മുക്ക് മലവിളയില്‍ വടക്കേതില്‍ ഷെമീറി (39) ന് കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആനാംകോട് രാജുഭവനില്‍ റിജോ എസ്. രാജ് (33) ആണ് പോലീസ് പിടിയിലായത്. ഷെമീര്‍ വീട്ടിലേക്ക് പോകുമ്പോള്‍ മൊബൈല്‍ ഫോണില്‍ വന്ന കാള്‍ എടുക്കാനായി കാര്‍ നിര്‍ത്തി. ഈ സമയം റിജോ ഇയാളുടെ ബന്ധുവിന്റെ വീടിനു മുന്‍പില്‍ ഗേറ്റിനു സമീപം നില്‍ക്കുകയായിരുന്നു.

കാര്‍ ഈ ഭാഗത്ത് എന്തിനാണ് നിര്‍ത്തിയത് എന്ന് ചോദിച്ച് ഷെമീറിനോട് ഇയാള്‍ വഴക്കുണ്ടാക്കി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് പ്രതി പാന്റ്‌സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഷെമീറിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഷെമീര്‍ വീട്ടിലേക്ക് കാര്‍ ഓടിച്ചു പോയ ശേഷം സുഹൃത്തിനെ കൂട്ടി ആശുപത്രിയിലേക്ക് പോകാനായി പ്ലാന്റേഷന്‍ മുക്ക് ഭാഗത്തേക്ക് തിരിച്ചെത്തി. കാര്‍ കണ്ട റിജോ വാഹനം തടഞ്ഞ ശേഷം കത്തി കൊണ്ട് കാറിലിരുന്ന ഷെമീറിന്റെ നെഞ്ചിലും വയറിലും തുരുതുരാ കുത്തി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭയന്ന് കാറിന് പുറത്തിറങ്ങിയതിനാല്‍ ഇയാള്‍ അക്രമത്തിന് ഇരയായില്ല.

ബഹളം കേട്ടെത്തിയ നാട്ടുകാര്‍ അവശനായ ഷെമീറിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്യാം മുരളി, എസ്.ഐമാരായ ഡി. സുനില്‍കുമാര്‍, രാധാകൃഷ്ണന്‍, എസ്.സി.പി.ഒ ശ്രീജിത്ത്, മുജീബ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *