പിടിക്കാനായി പിന്നാലെവന്ന പോലീസ് വാഹനത്തിനു മുന്നിലേക്ക് മണൽ തട്ടിയ ശേഷം മുങ്ങിയ ടിപ്പർ ഡ്രൈവർ അറസ്റ്റിൽ

Crime

വെച്ചൂച്ചിറ – അനധികൃതമായി കടത്തിയ ആറ്റുമണൽ പിടിക്കാൻ പിന്തുടർന്ന പോലീസ് വാഹനത്തിന് മുന്നിലേക്ക് റോഡിൽ മണൽ തട്ടിയ ശേഷം രക്ഷപ്പെട്ട ടിപ്പർ ഡ്രൈവർ അറസ്റ്റിൽ. എരുമേലി തെക്ക് മുട്ടപ്പള്ളി പതാലിൽ വീട്ടിൽ ബിച്ചു ബിജു (19) വാണ് പിടിയിലായത്. കഴിഞ്ഞമാസം 17 ന് പുലർച്ചെ 5.40 ഓടെ കുളമാം കുഴിയിലാണ് സംഭവം. രാത്രികാല പട്രോളിങ് സംഘത്തിന് മുന്നിലാണ് പുഴമണൽ തട്ടിയത്. പോലീസ് വാഹനത്തിന്റെ മുകളിലേക്കും റോഡിലേക്കും ടിപ്പറിൽ നിന്നും മണൽ തട്ടുകയായിരുന്നു. ടിപ്പർ വിട്ടുപോവുകയും ചെയ്തു.

ഗതാഗത തടസമുണ്ടാക്കും വിധം കിടന്ന 150 അടിയോളം മണൽ പോലീസ് നീക്കം ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റി, കോടതിക്ക് കൈമാറി. അന്വേഷണത്തിൽ ടിപ്പറിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞെങ്കിലും, ഇയാൾ വിദേശത്താണെന്ന് വ്യക്തമായി. ടിപ്പർ കഴിഞ്ഞ വർഷം മാർച്ചിൽ മുക്കൂട്ടുതറ മനുസദനം വീട്ടിൽ മനു എന്നയാൾക്ക് വിറ്റിരുന്നതായി വെളിവായി. എന്നാൽ ആർ.സി.ബുക്കിൽ ഉടമസ്ഥന്റെ പേര് മാറ്റിയിരുന്നില്ല. ഇപ്പോൾ ടിപ്പർ ഉപയോഗിക്കുന്നത് മനുവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ബന്ധപ്പെട്ടു. ഇയാൾ ഒളിവിൽ പോയി.

സംഭവം നടക്കുമ്പോൾ ഇയാൾ സ്ഥലത്തുണ്ടായിരുന്നതായി മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ എടുത്തപ്പോൾ വ്യക്തമായിരുന്നു. പിന്നീടാണ് ഒന്നാം പ്രതിയായ ഡ്രൈവർ പിടിയിലായത്. മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കുകയാണ് ബിച്ചു. കോടതി ജാമ്യം നിരസിച്ചതിനെ തുടർന്ന് ഒളിവിൽ പോയ രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം തുടരുകയാണ്. ബിച്ചുവിനെ കോടതിയിൽ ഹാജരാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *