പത്തനംതിട്ട : അമൃത് 2.0 പദ്ധതിയുടെ ഭാഗമായി നഗരസഭനിർമ്മിക്കുന്ന മൂന്ന് ജലസംഭരണ പദ്ധതികൾക്കുള്ള സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായതോടെ നിർമ്മാണം ഉടൻ ആരംഭിക്കും. ഒന്നാം വാർഡ് പെരിങ്ങമലയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്നേഹഭവനിൽ നടന്ന ചടങ്ങിൽ വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ മദർ ഫിലോ നഗരസഭാ ചെയർമാൻ അഡ്വ. റ്റി സക്കീർ ഹുസൈന് കൈമാറി. വാർഡ് കൗൺസിലർ ശോഭ കെ മാത്യു,ജില്ലാ ആസൂത്രണ സമിതി അംഗം പി കെ അനീഷ്, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, സെൻറ് എലിസബത്ത് സ്നേഹഭവനം മദർ സുപ്പീരിയർ സിസ്റ്റർ ജോയ് മരിയ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭയിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ഉറപ്പാക്കുന്നതിനായി സമഗ്ര പദ്ധതിയാണ് ഭരണസമിതി തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് നഗരത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ പുതിയ ജലസംഭരണികൾ സ്ഥാപിക്കുന്നതിനായി തീരുമാനിച്ചിരുന്നു. ലഭ്യമായ തുകയ്ക്ക് പദ്ധതി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ എട്ടര കോടി രൂപ നഗരസഭയുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനതല സാങ്കേതിക സമിതി അംഗീകാരം നൽകിയതോടെ നടപടിക്രമങ്ങൾ വേഗത്തിലായി.
ഉയർന്ന സ്ഥലങ്ങളായ പൂവമ്പാറ, വഞ്ചിപ്പൊയ്ക, പരുവപ്ലാക്കൽ എന്നിവിടങ്ങളിൽ ജലസംഭരണികൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. സ്ഥല ഉടമകൾ ഭൂമി സൗജന്യമായാണ് നഗരസഭയ്ക്ക് കൈമാറിയത്. പുതിയ ജലസംഭരണികളുടെ നിർമ്മാണത്തിന് ഹൈപവർ കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ നിർമ്മാണം വേഗത്തിലാകും.
പുതിയ കുടിവെള്ള സ്രോതസ്സ് കണ്ടെത്തൽ, ആധുനിക ജലശുദ്ധീകരണ സംവിധാനം, പുതിയ ജല സംഭരണികൾ, നിലവിലെ ജലവിതരണ ശൃംഖല മെച്ചപ്പെടുത്തൽ, എല്ലാ പ്രദേശങ്ങളെയും ശൃംഖലയുടെ ഭാഗമാക്കൽ തുടങ്ങി എല്ലാ മേഖലയെയും ഉൾപ്പെടുത്തിയ പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്ന് ഘട്ടങ്ങിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. രണ്ടാം ഘട്ടത്തിലുൾപ്പെട്ട പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ പാമ്പൂരിപ്പാറയിലെ സ്ഥലത്ത് സ്ഥാപിക്കുന്ന ആധുനിക ജലശുദ്ധീകരണ പ്ലാൻ്റിൻ്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. 10 ദശലക്ഷം ലിറ്റർ ശേഷിയുള്ള പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. കല്ലറക്കടവിലെ പുതിയ ഇൻടേക്ക് വെൽ നിർമ്മാണം നേരത്തേ പൂർത്തിയാക്കിയിരുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

