ഇപ്പ ശരിയാക്കിത്തരും… പോലീസിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ത്രിമുഖ പദ്ധതിയുമായി എഡിജിപി

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഔദ്യോഗികപരവും, വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മൂന്നിന പരിപാടിയുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ. കാവൽ കരുതൽ, ഫ്രൈഡേ ബോക്‌സ്, ഇൻ പഴ്‌സൺ എന്നിങ്ങനെ മൂന്നു തലത്തിലുള്ള പ്രശ്‌നപരിഹാര പദ്ധതിയാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതിൽ കാവൽ കരുതൽ പോലീസ് സ്‌റ്റേഷൻ, ജില്ലാ പോലീസ് ഓഫീസ് തലത്തിലും മറ്റു രണ്ടെണ്ണം ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലുമാകും പരിഹരിക്കുക. ഇൻ പഴ്‌സൺ പരാതി ഉദ്യോഗസ്ഥൻ നേരിട്ട് എഡിജിപി ഓഫീസിൽ നൽകണം. ഇതിനായി ബന്ധപ്പെട്ട മേലധികാരി ഡയൂട്ടിയായി പരിഗണിച്ച് അനുമതി നൽകണം.

കാവൽ കരുതൽ പദ്ധതി പ്രകാരം എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എസ്എച്ച്ഓയുടെ നേതൃത്വത്തിൽ എസ്എച്ച്ഓ, റൈറ്റർ, ഒരു പോലീസ് ഉദ്യോഗസ്ഥ, സ്‌പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ, പോലീസ് സംഘടനകളുടെ പ്രതിനിധി എന്നിവരുൾപ്പെട്ട കമ്മറ്റി രൂപീകരിക്കണം. ഈ കമ്മറ്റി സ്‌റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അറിയിപ്പ് നൽകിയ ശേഷം എല്ലാ വെളളിയാഴ്ചയും രാവിലെ 9.30 ന് മുൻപ് എസ്.എച്ച്.ഓയുടെ അധ്യക്ഷതയിൽ തന്നെ യോഗം ചേരണം. എസ്.എച്ച്ഓയ്ക്ക് അസൗകര്യമുണ്ടെങ്കിൽ വേറെ ആരെയും ഈ ചുമതല ഏൽപ്പിക്കാതെ ഏറ്റവും സൗകര്യപ്രദമായ മറ്റൊരു ദിവസം എസ്എച്ച്ഓയുടെ അദ്ധ്യക്ഷതയിൽ തന്നെ യോഗം ചേരണം.

യോഗത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഔദ്യോഗികവും വ്യക്തിപരവും സർവ്വീസ് സംബന്ധവുമായ പരാതികൾ ഉന്നയിക്കാവുന്നതാണ്. യോഗത്തിന് പ്രത്യേകം മിനിട്സ് തയ്യാറാക്കണം. പരാതികൾ വ്യക്തമായി മിനിട്സിൽ രേഖപ്പെടുത്തണം. പരാതി നൽകിയ ആളുടെ പേര്, ഔദ്യോഗിക പദവി, വിലാസം, പരാതി സംക്ഷിപ്തം, പരാതി തീർപ്പാക്കിയ വിവരം എന്നിവ രേഖപ്പെടുത്തുന്നതിന് എല്ലാ സ്‌റ്റേഷനിലും ഒരു ഓൺലൈൻ രജിസ്റ്റർ സൂക്ഷിക്കേണ്ടതും പരാതിയിൽ എടുത്ത നടപടി ഈ രജിസ്റ്ററിൽ ചേർക്കുകയും വേണം.. പരാതികൾ പോലീസ് സ്‌റ്റേഷൻ തലത്തിൽ തീർപ്പാക്കുന്നതാകാൻ കഴിയുന്നതാണെങ്കിൽ 24 മണിക്കൂറിനകം നടപടി വിവരങ്ങൾ ഈ രജിസ്റ്ററിൽ ചേർക്കണം. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുകയും വേണം.

എല്ലാ പരാതികളിലും ഏഴു ദിവസത്തിനകം കർശനമായി പരിഹാരം കണ്ടെത്തണം. പോലീസ് സ്‌റ്റേഷൻ തലത്തിൽ തീർപ്പാക്കാൻ കഴിയാത്ത പരാതികൾ അന്നേദിവസം തന്നെ ജില്ലാ പോലീസ് മേധാവിക്ക് അയച്ചു കൊടുക്കണം. ഒരോ യോഗം ചേരുമ്പോഴും മുൻപ് നടന്ന യോഗത്തിൽ ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടിയും മറ്റുള്ളവയുടെ തൽസ്ഥിതിയും വിശദീകരിക്കണം. കമ്മറ്റി മുൻപാകെ ലഭിക്കുന്ന പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ എഡിജിപി ഓഫീസിലേക്ക് തിങ്കൾ വൈകിട്ട് നാലിന് മുൻപ് ഇ-മെയിലിൽ നൽകണം. പോലീസ് സ്‌റ്റേഷൻ, ജില്ലാ പോലീസ് മേധാവി, റേഞ്ച് ഡിഐജി, സോണൽ ഐജി എന്നിവർക്ക് നൽകിയ പരാതിയിൽ പരിഹാരമുണ്ടായില്ലെങ്കിൽ ആ വിവരം എഡിജിപിയെ അറിയിക്കണം.

സ്‌റ്റേഷനിലെ മാതൃകയിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലും കമ്മറ്റി രൂപീകരിക്കണം. എസ്.പി, അഡിഷണൽ എസ്പി/ഡിസിപി അഡ്മിനിസ്‌ട്രേഷൻ, മാനേജർ/എ.ഓ, ഡിവെ.എസ്പി/എസിപി സ്‌പെഷൽ ബ്രാഞ്ച്, പോലീസ് ഉദ്യോഗസ്ഥ, പോലീസ് സംഘടനകളുടെ ജില്ലാ അധ്യക്ഷൻമാർ എന്നിവർ അംഗങ്ങളായിരിക്കണം. എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി കമ്മറ്റി യോഗം ചേരണം. എസ്.പിക്ക് അസൗകര്യമുണ്ടെങ്കിൽ യോഗം അദ്ദേഹത്തിന് കൂടി സൗകര്യപ്രദമായ തൊട്ടടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാം. മറ്റ് നടപടി ക്രമങ്ങളെല്ലാം സ്‌റ്റേഷനിൽ നിന്നുള്ളത് പോലെ തന്നെയാകും. അതത് മാസം പരാതികളും അതിൽ സ്വീകരിച്ച നടപടിയും അടങ്ങുന്ന റിപ്പോർട്ട് എഡിജിപിക്ക് നൽകണം.

ഇതിന് പുറമേയാണ് ഇൻ പഴ്‌സൺ എന്ന പേരിൽ നേരിട്ട് എഡിജിപി ഓഫീസിൽ ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *