തൃശ്ശൂർ – മുതിർന്ന കോൺഗ്രസ് നേതാവും, മുൻ മന്ത്രിയും ആയിരുന്ന കെ പി വിശ്വനാഥൻ (85) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അന്ത്യം. കെ കരുണകരൻ മന്ത്രി സഭയിലും, ഒക്കെ ഉമ്മൻ ചാണ്ടി മന്ത്രി സഭയിലും വനം വകുപ്പ് മന്ത്രിയായിരുന്നു. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായി ചുമതല ഉണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് വഴിയാണ് അദ്ദേഹത്തിൻറെ രാഷ്ട്രീയ പ്രവേശനം. 1967 മുതൽ 1970 വരെ യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ലാ പ്രസിഡന്റായിരുന്നു.
കുന്നംകുളത്ത് കല്ലായിൽ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദം നേടി. അഭിഭാഷകൻ കൂടിയാണ് കെ പി വിശ്വനാഥൻ. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, തൃശൂർ ഡിസിസി സെക്രട്ടറി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗം, ഖാദി ബോർഡ് അംഗം, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗം, തൃശൂർ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ മാനേജിങ് കമ്മിറ്റി അംഗം, സംസ്ഥാന സഹകരണ ബാങ്ക് ചെയർമാൻ, ഡയറക്ടർ എന്നിങ്ങനെ സേവനമനുഷ്ഠിച്ച രാഷ്ട്രീയ അതികായനു നാടിന്റെ വിട .


