അബുദാബി: സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വർദ്ധനവിന് പരിഹാരം തേടി പ്രവാസി സംഘടനകൾ ഡൽഹിയിലേക്ക്. അബുദാബി കെഎംസിസിയുടെ നേതൃത്വത്തിൽ വിവിധ പ്രവാസികളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 8ന് ഡൽങി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബ് ഹാളിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ജനപ്രതിനിധിളും പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ പറഞ്ഞു.
അബുദാബി കെഎംസിസി, ഡൽഹി കെഎംസിസിയുടെയും സഹകരണത്തോടെ അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ കൂട്ടായ്മയിലാണ് സമ്മിറ്റ് ഒരുക്കുന്നത്. സീസൺ കാലത്ത് ഗൾഫിലേക്കും തിരിച്ചുമുള്ള വിമാനയാത്ര കൂലി ക്രമാതീതമായി ഉയർത്തി പ്രവാസികളെ കൊള്ളയടിക്കുന്ന രീതിയിലാണ് വിമാനക്കമ്പനികൾ കാലങ്ങളായി പ്രവർത്തിക്കുന്നത്. ഇതിനൊരു ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ ഉയർത്തുന്ന മുറവിളിയെ മാറി മാറി വരുന്ന സർക്കാരുകൾ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്തുവരുന്നത്. പ്രവാസികൾ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളിൽ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് ഡയസ്‌പോറ സമ്മിറ്റ് ആദ്യ രണ്ടു സെഷനുകൾ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളിൽ നടന്നത്. ഈ സെഷനുകളിൽ വിമാനയാത്രാക്കൂലി, പ്രവാസി വോട്ടവകാശം, വിദ്യാഭ്യാസ പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇതിൽ വിമാനയാത്രക്കൂലി വിഷയം മുൻനിർത്തിയായിരിക്കും ഡൽഹി സമ്മിറ്റി ചർച്ച ചെയ്യുക. വിമാനയാത്രക്കൂലി വർദ്ധനവ് സംബന്ധിച്ച് നിയമപരമായ നടപടികൾക്ക് പുറമെ പാർലമെന്റിന്റെ കൂടി ശ്രദ്ധയിൽ ഈ വിഷയം കൊണ്ടുവരുകയാണ് ലക്ഷ്യം. മുൻ സർക്കാർ ഈ വിഷയം പഠിക്കാനായി നിയോഗിച്ച പാർലിമെന്ററി കാര്യ സബ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് ചർച്ച ചെയ്തു അനുകൂല തീരുമാനം ഉണ്ടാക്കുക എന്നത് കൂടി ഈ യോഗത്തിന്റെ മുഖ്യ അജണ്ടയാണ്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഇരുന്നൂറോളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും

ഡയസ്‌പോറ സമ്മിറ്റ് ഇൻ ഡൽഹി പ്രഖ്യാപന കൺവൻഷൻ അബുദാബി ഇന്ത്യൻ ഇസ്്‌ലാമിക് സെന്ററിൽ നടന്നു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സേവനം യുഎഇ പ്രസിഡന്റ് രാജൻ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. ബി.സി. അബൂബക്കർ (ഇന്ത്യൻ ഇസ്്‌ലാമിക് സെന്റർ), ബി. യേശുശീലൻ (അനോറ), അൻസാർ (മലയാളി സമാജം), മേരി തോമസ് (ഡയറക്ടർ ബിൻ മൂസ ട്രാവൽസ്) ജോൺ സാമുവേൽ (ഐഎസ്‌സി) ബഷീർ (പ്രവാസി ഫോറം), കബീർ ഹുദവി (സുന്നി സെന്റർ), സഫറുള്ള പാലപ്പെട്ടി (കേരള സോഷ്യൽ സെന്റർ), റാഷീദ് പൂമാടം (സിറാജ് ന്യൂസ്), ഹാമിദ് അലി (ഐസിസി), നസീർ പെരുമ്പാവൂർ (ദർശന സാംസ്‌കാരിക വേദി), പിഎം ഫാറൂഖ് (ഐഎംസിസി), ഷബാന അഷ്‌റഫ് (അബുദാബി മലയാളീസ്), കരീം (ഇന്ദിരാഗാന്ധി വീക്ഷണ ഫോറം), നിഷാദ് സുലൈമാൻ (അബുദാബി മലയാളി ഫോറം), നഈമ (വേൾഡ് ഓഫ് ഹാപ്പിനസ് ), വിമൽ കുമാർ (സാംസ്‌കാരിക ഫോറം), എം.കബീർ (പ്രവാസി ഇന്ത്യ), അബ്ദുൽ വാഹിദ് (വേൾഡ് മലയാളി അസോസിയയേഷൻ), ഉമ്മർ നാലകത്ത് (സോഷ്യൽ ഫോറം), ടി കെ അബ്ദുൽ സലാം, ഹൈദർ ബിൻ മൊയ്ദു, നൗഷാദ് ബക്കർ, കെഎംസിസി പ്രതിനിധികൾ തുടങ്ങി നിരവധിപേർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. അബുദാബി കെഎംസിസി ആക്ടിങ് ജനറൽ സെക്രട്ടറി നിസാമുദ്ധീൻ അസൈനാരു പിള്ള സ്വാഗതവും ട്രഷറർ പി കെ അഹമ്മദ് നന്ദിയും പറഞ്ഞു.


