തുമ്പമൺ – കോഴഞ്ചേരി റോഡ് വീണ്ടും അറ്റകുറ്റപ്പണി തന്നെ ; ഉടായിപ്പ് റോഡ്പണി തടയുമെന്ന് സമരസമിതി

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – തുമ്പമൺ – കോഴഞ്ചേരി റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാണ് 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുക. തുമ്പമൺ – കോഴഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയിൽ റോഡ് പുനർനിർമിക്കാൻ പദ്ധതി തയ്യാറാക്കിയെങ്കിലും പ്രാദേശികമായ എതിർപ്പുമൂലം സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാൽ പ്രവൃത്തി തുടങ്ങാനായിട്ടില്ല എന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

നിലവിൽ റോഡ് മിക്കയിടത്തും തകർന്നു കിടക്കുന്ന സാഹചര്യത്തിൽ അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഒന്നര കോടി രൂപ അടിയന്തരമായി അനുവദിച്ചത്. പ്രവ്യത്തി സമയബന്ധിതമായി പൂർത്തിയാക്കി എത്രയും വേഗം റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു.

ഈ റോഡിനായുള്ള ജനങ്ങളുടെ പ്രതിഷേധം പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ്. സമരക്കാരുടെ കണ്ണിൽ പൊടിയിടാനുള്ള അടവാണ് ഇപ്പോഴത്തെ ഈ അറ്റകുറ്റപ്പണി എന്ന് സമര സമിതി കൺവീനർ ബെന്നി കുഴിക്കാലാ അഭിപ്രായപ്പെട്ടു. ഉടായിപ്പ് റോഡ്പണി തടയാൻ തന്നെയാണ് സമരസമിതിയുടെ തീരുമാനം. കിഫ്ബിയുടെ കസ്റ്റഡിയിലുള്ള ഈ റോഡ് വിട്ടുനൽകിയാൽ കേന്ദ്ര ഫണ്ട് ഈ റോഡിനു കിട്ടും. തർക്കത്തിൽ ഉണ്ടായിരുന്ന സ്ഥലത്തും 10 മീറ്റർ വീതി നിലവിലുണ്ട്. 12 മീറ്റർ കിട്ടിയാലേ വികസനം നടക്കൂ എന്ന കാരണം ആരുടെ പോക്കറ്റ് വികസിപ്പിക്കാനുള്ളതാണെന്ന് ജനങ്ങൾക്ക് അറിയാം. ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *