അബുദാബി: യുഎഇയിൽ റസിഡൻസ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് പരമാവധി 20,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി (ഐസിപി) ഓർമിപ്പിച്ചു. 14 ഇനം നിയമലംഘനങ്ങൾക്കാണ് ദിവസത്തിൽ 20 ദിർഹം മുതൽ പരമാവധി 20,000 ദിർഹം വരെ പിഴ. എമിറേറ്റ്‌സ് ഐഡി റജിസ്‌ട്രേഷന് കാലതാമസം വരുത്തുക, കാലാവധി കഴിഞ്ഞിട്ടും 30 ദിവസത്തിനകം പുതുക്കാതിരിക്കുക എന്നിവയക്ക് ദിവസേന 20 ദിർഹം ഈടാക്കും.
പരമാവധി 1000 ദിർഹമാണ് ഈ ഇനത്തിൽ പിഴ ചുമത്തുക. ഓൺലൈൻ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ രേഖ മറച്ചുവയ്ക്കുക, പിആർഒ കാർഡ് കൈവശം വയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 500 ദിർഹം വീതമാണ് പിഴ. ഐപിസി സിസ്റ്റം ദുരുപയോഗം ചെയ്യുക, ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുക, ജീവനക്കാരുമായി സഹകരിക്കാതിരിക്കുക, ഇടപാടുകൾക്ക് ആവശ്യമായ ഫീസ് അടയ്ക്കാതിരിക്കുക എന്നീ കുറ്റങ്ങൾക്ക് 5000 ദിർഹം വീതം പിഴ ഈടാക്കും. നൽകിയ അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ 100 ദിർഹം പിഴ ഈടാക്കും. എന്നാൽ മനഃപൂർവം തെറ്റായ വിവരം നൽകിയാൽ 3000 ദിർഹമാണ് പിഴ. പ്രവർത്തിക്കാത്ത സ്ഥാപനത്തിലേക്ക് എൻട്രി പെർമിറ്റോ വിസയോ എടുത്താൽ പിഴ 20,000 ദിർഹം.


