ഇലവുംതിട്ട – മംഗളൂരുവിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ വിദ്യാർഥി മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയപാതയിൽ കവളപ്പദുരുവിൽ കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ടായ അപകടത്തിൽ കൊണാജെ മംഗളൂര് യൂണിവേഴ്‌സിറ്റിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ടാംവർഷ വിദ്യാർഥി ആയിരുന്ന ഇലവുംതിട്ട മുട്ടത്തു കോണം പുല്ലാമലയിൽ സുരേഷിന്റെ മകൻ സുമിത്ത് (22) ആണ് മരിച്ചത്.
ഒപ്പം സഞ്ചരിച്ചിരുന്ന കാസർകോട് ബേക്കൽ സ്വദേശി ഗുരുപ്രീതിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാർസൽ വാൻ സുമിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് പരുക്കേറ്റ സുമിത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നാട്ടുകാർ ആണ് ഗുരുപ്രീതിനെ ആശുപത്രിയിൽ എത്തിച്ചത്. ബണ്ട്വാൾ ട്രാഫിക് എസ്.ഐ സുതേഷിന്റെ നേതൃത്വത്തിൽ മേൽനടപടി സ്വീകരിച്ചു. പത്മയാണ് മാതാവ്. ഡോ: സൈമ സുരേഷ് സഹോദരി. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 11 വീട്ടുവളപ്പിൽ നടക്കും.


