പത്തനംതിട്ട: മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ ക്വാറി ഉടമ പോലീസിന് നൽകുന്ന മാസപ്പടിയുടെയും സംഭാവനയുടെയും കണക്ക് വിളിച്ചു പറഞ്ഞു. അടൂർ പോലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ മുൻ പരിചയമില്ലാത്ത എസ്.ഐയാണ് ക്വാറി ഉടമയെ മദ്യപിച്ചുവെന്ന് കണ്ട് കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ കൊണ്ടു വന്നത്. കൊണ്ടു വന്ന സ്ഥിതിക്ക് അനന്തര നടപടികൾ കൂടി പൂർത്തിയാക്കി കേസ് എടുക്കേണ്ടതായി വന്നു. ഇയാളുമായി അടുത്തു പരിചയമുള്ള ഉദ്യോഗസ്ഥർ ഒക്കെ തന്നെ കേസ് ഒഴിവാക്കി വിടുന്ന കാര്യത്തിൽ നിസഹായരായിരുന്നു. ഇതോടെയാണ് പ്രകോപിതനായ ക്വാറി ഉടമ താൻ പോലീസുകാർക്ക് നൽകുന്ന കാശിന്റെ കണക്ക് വിളിച്ചു പറഞ്ഞത്.
സംഭവം വിവാദമായതോടെ ഉന്നത ഉദ്യോഗസ്ഥൻ ഇയാളോട് വിശദമായ കണക്ക് ആരായുകയും ചെയ്തുവത്രേ. പോലീസുകാർക്കും സ്‌റ്റേഷനിലും മാസപ്പടിയായും സംഭാവനയായും നൽകുന്ന പണത്തിന്റെ കണക്കാണ് ഇദ്ദേഹം പറഞ്ഞത്. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഒരു ഡിവൈ.എസ്.പി ഇയാളുടെ ചെലവിൽ അടൂരിലെ വാടക വീട്ടിൽ താമസിക്കുന്ന കാര്യവും വിളിച്ചു പറഞ്ഞ കൂട്ടത്തിലുണ്ടായിരുന്നു. കേസ് ഒഴിവാക്കുന്നതിന് വേണ്ടി ഈ ഡിവൈ.എസ്.പിയും ഇടപെട്ടിരുന്നു. നടക്കാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ ചരിത്രവും വിളിച്ചു പറഞ്ഞത്. ക്വാറി ഉടമ സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് കൂടിയാണ്. താൻ പോലീസിന്റെയും പാർട്ടിയുടെയും അടുത്തയാളാണെന്ന് ഇയാൾ കസ്റ്റഡിയിൽ എടുക്കുമ്പോൾ തന്നെ പറഞ്ഞിരുന്നു. പോലീസ് പാർട്ടിയിലുണ്ടായിരുന്നവർക്ക് പരിചയമില്ലാതെ പോയതാണ് ഇയാൾക്ക് വിനയായത്. അത് പോലീസിനും പണിയായി. !!
What do you feel about this post?
Like
Love
Happy
Haha
Sad

