റൈസ് പുള്ളർ തട്ടിപ്പുകാർ വീണ്ടും രംഗത്ത്

Crime Kottayam

കോട്ടയം: സംസ്ഥാനത്ത് ഇറിഡിയം, റൈസ് പുള്ളര്‍ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും തല പൊക്കുന്നു. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് അത്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ‘റൈസ് പുള്ളര്‍’. ‘ഇറിഡിയം കോപ്പര്‍’ ചെമ്പുകുടം നല്കിയാണ് തട്ടിപ്പ്. അദ്ഭുത ലോഹംകൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കുടത്തിന് ആകര്‍ഷണ ശക്തിയുണ്ടെന്നാണ് തട്ടിപ്പുകാരുടെ വാദം. ഇവ ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നുവെന്നും നാസയും ഐ.എസ്.ആര്‍.ഒ.യും മറ്റും ലോഹത്തിന്റെ ആവശ്യക്കാരെന്നും പ്രചരിപ്പിച്ചാണ് തട്ടിപ്പ് സംഘം ഇരകളെ വലയിലാക്കുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വില മതിക്കുന്ന, അരിമണികളെ ആകര്‍ഷിക്കുന്ന ഇറിഡിയം കോപ്പര്‍ എന്നാണ് സംഘത്തിന്റെ വാദം. പെട്ടെന്ന് സമ്പന്നരാകാന്‍ ആഗ്രഹിക്കുന്നവരെയാണ് ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത്. റൈസ് പുള്ളര്‍ ലോഹത്തിന്റെ ഉപയോഗങ്ങളും മൂല്യവും ഇറിഡിയം വില്‍ക്കുന്ന കമ്പനിയിലെ മേധാവി എന്ന പേരില്‍ എത്തുന്നയാള്‍ ഇരയെ ബോധ്യപ്പെടുത്തും. ഇതിന് പിന്നാലെ എത്തുന്ന മറ്റൊരാള്‍ തന്റെ കൈവശം റൈസ് പുള്ളര്‍ ഉണ്ടെന്ന് വിശ്വസിപ്പിക്കും. മൂന്നാമത് ശാസ്ത്രജ്ഞന്‍ ആണെന്ന വ്യാജേന ഇറിഡിയത്തിന്റെ ശക്തി പരിശോധിക്കാന്‍ ഒരാള്‍ വരും. വലയില്‍ വീഴുന്ന ഇര മറിച്ചു വിറ്റാല്‍ കിട്ടുന്ന വലിയ ലാഭം സ്വപ്നം കണ്ട് ലക്ഷങ്ങള്‍ നല്കി ലോഹം സ്വന്തമാക്കും.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടികള്‍ വിലമതിക്കുന്ന ലോഹമാണ് ഇറിഡിയം. എന്നാല്‍, കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭിക്കുന്ന ലോഹങ്ങളാണ് ഇറിഡിയമെന്ന പേരില്‍ കാണിച്ച് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. ഇറിഡിയത്തിന് അണുവിഘടന ശക്തി ഉണ്ടെന്നും നാസയ്ക്ക് വിറ്റാല്‍ ഒരു ലക്ഷം കോടി ലഭിക്കുമെന്നും വിശ്വസിപ്പിച്ച് ഏതാനും വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനില്‍ നിന്നും 80 ലക്ഷം തട്ടിയിരുന്നു. അതെ സമയം റൈസ് പുള്ളര്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി റിസര്‍വ് ബാങ്കും രംഗത്ത് വന്നിരുന്നു. തട്ടിപ്പുസംഘങ്ങള്‍ ആളുകളെ കബളിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന്റെ പേരില്‍ രേഖ ചമയ്ക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *