മെഴുവേലി – കൊച്ചുപള്ളിക്കൂടത്തിലെ ഈ വർഷത്തെ പ്രവേശനോത്സവത്തിനുമുണ്ട് വ്യത്യസ്തമാർന്ന പ്രത്യേകതകൾ.. സ്കൂൾ സ്ഥാപകനായ സരസകവി മൂലൂരിൻ്റെ അയത്തിലുള്ള സ്മാരകത്തിൽ രക്ഷിതാക്കളും കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘം സന്ദർശിച്ചു പുഷ്പാർച്ചന നടത്തിയ ശേഷം, മെഴുവേലി ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ആശിർവാദത്തോടെ കുട്ടികളും രക്ഷിതാക്കളും സ്കൂളിലേക്ക് മടങ്ങിയെത്തുന്നു. പുതിയ അദ്ധ്യയനവർഷത്തിൽ സ്കൂളിലേക്ക് എത്തുന്ന കൂട്ടുകാരെ പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും മധുര പലഹാരങ്ങൾ നൽകി വരവേൽക്കും.

കൊച്ചുസ്കൂളിലെ പ്രവേശനോത്സവം ബഹുമാന്യയായ വാർഡ് മെമ്പർ ശ്രീദേവി ടോണി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവർത്തകനും, കേരള ശാസ്ത്ര സാഹിത്യത്തിൻറെ വിജ്ഞാനോത്സവം കൺവീനറും എഴുത്തുകാരനുമായ ഡോ. ടി പി കലാധരൻ കുട്ടികൾക്ക് ആശംസകൾ നേരും. തുടർന്ന് 1988 ൽ നാലാം ക്ലാസ് പഠനം കഴിഞ്ഞ് ഇറങ്ങിയ പൂർവ്വവിദ്യാർത്ഥി ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകും . ഒപ്പം മുഴുവൻ കുട്ടികൾക്കും യൂണിഫോമും വിവരണം ചെയ്യുന്നു. ഈ അദ്ധ്യായനവർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാനിലെ വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കായി വിശദീകരിക്കും. ഈ വർഷത്തിൽ അനുദിന കാര്യങ്ങളിൽ അവരുടെ പങ്കാളിത്തം ബോധ്യപ്പെടുത്തും.
ഉച്ചയ്ക്ക് എല്ലാവർക്കും വിപുലമായ പായസമടക്കമുള്ള സദ്യയോടെ പ്രവേശനോത്സവ പരിപാടികൾ സമാപിക്കും.


