കൊച്ചു പള്ളിക്കൂടത്തിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ആകാശത്തോളം വലിപ്പം !!

Kerala Pathanamthitta TECH
Print Friendly, PDF & Email

മെഴുവേലി – കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് ഗംഗാധര വിദ്യാശാല എൽപി സ്‍കൂൾ എന്ന കൊച്ചുപള്ളിക്കൂടം. ഒരു നൂറ്റാണ്ടിനു മുമ്പ് നാടിന്റെ നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ് പദ്മനാഭപ്പണിക്കർ “വിദ്യകൊണ്ട് പ്രബുദ്ധരാകുക” എന്ന ശ്രീനാരായണ ഗുരുദേവന്റെ വചനങ്ങൾ ഏറ്റെടുത്തുകൊണ്ട് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ് കൊച്ചുപള്ളിക്കൂടം എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂളും. അക്കാലത്ത് അധഃസ്ഥിത സമൂഹത്തിന്റെ ഉന്നതിക്കായി വിദ്യാഭ്യാസം എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കിയ ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യനായ മൂലൂർ സംസ്കൃത പഠനം എന്നത് ലക്ഷ്യമാക്കിയാണ് സ്വന്തം ഭൂമിയിൽ അകാലത്തിൽ മരണപ്പെട്ട സംസ്കൃതത്തിൽ ശാസ്ത്രി ബിരുദം നേടിയിരുന്ന ഗംഗാധരാശാസ്ത്രികൾ എന്ന മകന്റെ സ്മരണാർത്ഥം ഈ വിദ്യാലയം സ്ഥാപിച്ചത്. മാറുന്ന കാലഘട്ടത്തിൽ ഇംഗ്ളീഷ് ഭാഷയുടെ പ്രയോജനവും മനസിലാക്കിയ മൂലൂർ നാട്ടുകാരുടെ ആവശ്യപ്രകാരം പ്രാഥമിക ഇംഗ്ളീഷ് പാഠങ്ങളും പഠിപ്പിക്കുമായിരുന്നു.

മൂലൂരിന്റെ മരണശേഷം എസ്എൻഡിപി ശാഖയുടെ മേൽനോട്ടത്തിൽ ആയിരുന്ന സ്‌കൂൾ സർ സിപി രാമസ്വാമി അയ്യരുടെ കാലത്താണ് സർക്കാരിലേക്ക് നടത്തിപ്പിനായി വിട്ടുകൊടുത്തത്. ആദ്യകാലത്ത് നിറയെ കുട്ടികൾ പഠിച്ചിരുന്ന ഈ സ്‌കൂൾ, ചുററുപാടും ഇംഗ്ളീഷ് മീഡിയം സ്‌കൂളുകളടക്കം നിരവധി ആധുനിക സ്‌കൂളുകൾ വന്നതോടെ ശോചനീയാവസ്ഥയിലായി. സ്‌കൂൾ നിലച്ചുപോകുമെന്ന അവസ്ഥ വന്നപ്പോഴാണ് പൂർവ്വ വിദ്യാർത്ഥികളും, നാട്ടുകാരും സ്‌കൂളിന്റെ നിനലനില്പിനായി കൈകോർത്തത്. പിന്നീട് കണ്ടത് മെഴുവേലി എന്ന നാടിന്റെ കൂട്ടായ്മയുടെ വിജയമാണ്.

സ്‌കൂളിനോടനുബന്ധിച്ചു പ്രീപ്രൈമറി കൂടി തുടങ്ങണമെന്ന തീരുമാനം. അത് നടപ്പിലായപ്പോൾ കേരളത്തിലെ തന്നെ പൊതുവിദ്യാലയങ്ങളിൽ ആദ്യത്തെ ശീതീകരിച്ച പ്രീപ്രൈമറി വിഭാഗം. പതിനഞ്ചോളം വിദ്യാർത്ഥികളും. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരുടെ വിദ്യാഭ്യാസ മേൽനോട്ടവും. ഇന്ന് കൊച്ചുപള്ളിക്കൂടം ആകെ മാറിയിരിക്കുന്നു. വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമുണ്ടായിരുന്ന സ്‌കൂളിൽ ഒന്നാംക്ലാസ് ഒന്നാംതരമാക്കിയപ്പോൾ ഒന്നാംക്ലാസിലേക്ക് മാത്രമെത്തി പത്തോളം കുട്ടികൾ. സ്മാർട്ട് ക്ലാസ് റൂമുകളാണിപ്പോൾ കൊച്ചുപള്ളിക്കൂടത്തിൽ. എൽസിഡി ടിവി, പ്രൊജക്ടർ, വൈഫൈ സൗകര്യങ്ങളോടൊക്കെ കൂടിയുള്ള ക്ലാസ് റൂമുകൾ. ഇംഗ്ളീഷ് പാഠ്യപദ്ധതിയിലൂന്നിയുള്ള പഠനം. സ്‌കൂളിന്റെ ചുമരുകൾ ആശയങ്ങളുൾക്കൊള്ളുന്ന ചിത്രം വരച്ചു മനോഹരമാക്കിയും, കുട്ടികൾക്ക് വിനോദത്തിനായി കളിസ്ഥലങ്ങളും, പാർക്കുകൾ ഉണ്ടാക്കിയും പൊതുവിദ്യാലങ്ങൾക്ക് തന്നെ മാതൃകയായിരിക്കുകയാണ് ജനകീയ ഇടപെടലിലൂടെ കൊച്ചുപള്ളിക്കൂടം.

അദ്ധ്യാപകരുടെയും, പൂർവ്വ വിദ്യാർത്ഥികളുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ അനുദിനം മെച്ചപ്പെടുകയാണ് സ്‌കൂൾ നിലവാരം. വരുന്ന വർഷത്തിലെ കുട്ടികൾക്ക് വിമാനയാത്രയും, കപ്പൽയാത്രയും, തീവണ്ടിയാത്രയും ഒക്കെ ഒരുക്കി ലോകമെന്തെന്ന് കാട്ടിക്കൊടുക്കാനുള്ള തീരുമാനത്തിലാണ് സ്‌കൂൾ മാനേജിങ് കമ്മറ്റി. അതിനോടൊപ്പം ഇംഗ്ളീഷ് വിദ്യാഭ്യാസം മെച്ചപ്പെടുത്താൻ ശാസ്തസാഹിത്യ പരിഷത്തിന്റെ ആക്കാദമിക് പിന്തുണയും. കൊച്ചുപള്ളിക്കൂടത്തിലെ കുട്ടികളുടെ സ്വപ്നങ്ങൾക്കിപ്പോൾ ആകാശത്തോളം വലിപ്പമാണ്. മാതൃകയാണ് കൊച്ചുപള്ളിക്കൂടം . !!

 

Leave a Reply

Your email address will not be published. Required fields are marked *