പത്തനംതിട്ട – ജില്ലാ ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശബരിമല ബേസ് ആശുപത്രിയായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജനറൽ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒപി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തി നടപടി സ്വീകരിക്കണം. ഇതുകൂടാതെ ക്രിട്ടിക്കൽ കെയറിന് ഉപകരണങ്ങൾ വാങ്ങാനായി എംഎൽ.എ. ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാൻ സൂപ്രണ്ടിന് നിർദേശം നൽകി. സെക്രട്ടറിയേറ്റിൽ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
51,000 ചതുരശ്ര അടി വിസ്തീർണത്തിൽ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമ്മിക്കുന്നത്. നാലു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിൽ കാർ പാർക്കിംഗ്, ഗ്രൗണ്ട് ഫ്ളോറിൽ ആധുനിക ട്രോമാകെയർ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷൻ വാർഡ്, മൈനർ ഓപ്പറേഷൻ തീയറ്റർ, പ്ലാസ്റ്റർ റൂം, ഡോക്ടേഴ്സ് റൂം, നേഴ്സസ് റൂം, ഫാർമസി എന്നിവയുണ്ടാകും. ഒന്നാം നിലയിൽ ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ആർഎംഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയിൽ ഐസൊലേഷൻ റൂം, ഐസൊലേഷൻ വാർഡ്, എമർജൻസി പ്രൊസീജിയർ റൂം, ഡോക്ടേഴ്സ് റൂം, രോഗികൾക്കും ജീവനക്കാർക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിക്കുന്നത്.
22.16 കോടി രൂപ മുതൽ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീർണത്തിൽ പുതിയ ഒപി കെട്ടിടം നിർമ്മിക്കുന്നത്. ഈ കെട്ടിടത്തിൽ 20 ഒപി മുറികൾ, മൈനർ ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ, ഒബ്സർവേഷൻ മുറികൾ, ഫാർമസി, റിസപ്ഷൻ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗോം മാനേജർ, ജനറൽ ആശുപത്രി സൂപ്രണ്ട്, നിർമ്മാണ ഏജൻസി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


