പത്തനംതിട്ട – തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഈ മാസം 22ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യത. വടക്ക് കിഴക്കൻ ദിശയിൽ സഞ്ചരിച്ചു 24 ന് രാവിലെയോടെ മദ്ധ്യബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ജില്ലകളിൽ ഈ മാസം 22 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടും കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന് വടക്കൻ കർണാടകവരെ ന്യുനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. വടക്കൻ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി/മിന്നൽ/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാദ്ധ്യത. ഒറ്റപെട്ട സ്ഥലങ്ങളിൽ 22 വരെ അതിതീവ്രമായ മഴക്കും, 24 വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ/അതി ശക്തമായ മഴക്കും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


