കോഴഞ്ചേരി – പടക്കം വിൽക്കുന്ന കടയിലിരുന്ന് പിച്ചാത്തി രാകുന്നതിനിടെ തീപ്പൊരി ചിതറി വീണു പടക്കങ്ങൾ പൊട്ടിത്തെറിച്ചു. മുടിക്ക് തീ പിടിച്ചു പൊള്ളലേറ്റ ജീവനക്കാരനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെ കോഴഞ്ചേരിയിലാണ് സംഭവം. ജില്ലാ ആശുപത്രി റോഡിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള പടക്ക കടയിലാണ് സംഭവം. ജീവനക്കാരൻ റാന്നി സ്വദേശി വിനോദി(ദിനു-40)നാണ് പരുക്കേറ്റത്.
കടയിലിരുന്ന ദിനു കത്തി രാകുന്നതിനിടെ തീപ്പൊരി ചിതറി പടക്കങ്ങൾക്ക് മുകളിലേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. കടയിലുണ്ടായിരുന്നത് ചൈനീസ് പടക്കങ്ങളായിരുന്നതിനാലും അവയ്ക്ക് തീവ്രത കുറവായിരുന്നതിനാലും വലിയ അപകടം ഒഴിവായി. മുടിക്കും വസ്ത്രത്തിനും തീ പിടിച്ച ദിനുവിനെ ആദ്യം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
കടയ്ക്കുള്ളിൽ കുറച്ച് സാധനം മാത്രമാണ് ഉണ്ടായിരുന്നത്. ഉപകരണങ്ങൾ തീ പിടിച്ച് കത്തി നശിച്ചു. സംഭവം സംബന്ധിച്ച് അന്വേഷണം നടക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

