പത്തനംതിട്ട – ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തിൽ മരിച്ചയാളിന്റെ പേരിൽ വോട്ടുചെയ്ത സംഭവത്തിൽ പോളിംങ് ഉദ്യോഗസ്ഥരേയും ബിഎൽഒ യെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ ഇലക്ഷൻ ഓഫീസറും കളക്ടറുമായ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. ആറന്മുള അസംബ്ലി മണ്ഡലത്തിൽ മെഴുവേലി 144-ാം നമ്പർ ബൂത്തിൽ ജോർജിന്റെ ഭാര്യ അന്നമ്മയുടെ (സീനിയർ സിറ്റിസൺ) വോട്ട് ഹോം വോട്ടിംഗ് നടപടിയിൽ തെറ്റായി വോട്ടു ചെയ്ത സംഭവത്തിലാണ് നടപടി. സ്പെഷ്യൽ പോൾ ഓഫീസർമാരായ എ ദീപ (കോന്നി റിപ്പബ്ലിക്കൻ വിഎച്ച്എസ്സി), കല എസ് തോമസ് ( മണ്ണങ്കരചിറ ജിയുപിഎസ്) ബൂത്ത് ലെവൽ ഓഫീസർ പി അമ്പിളി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മരണപെട്ട അന്നമ്മയുടെ വോട്ട് തെറ്റായി മകൻ മാത്യൂവിന്റെ ഭാര്യ അന്നമ്മ ചെയിതിരുന്നു. ഇവരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു.


