ദുബായ് – ഖിസൈസിലെ ഒന്നിൽ കൂടുതൽ കെട്ടിടങ്ങളുടെ താഴ്ഭാഗം ഇടിഞ്ഞതിനെ തുടർന്ന് മലയാളികളടക്കമുള്ള താമസക്കാരെ ഒഴിപ്പിച്ചു. ആർക്കും പരിക്കോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഖിസൈസ് മുഹൈസ്‌ന നാലിൽ മദീന മാളിന് സമീപമുള്ള പത്തുനില കെട്ടിടത്തിൽ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സമീപത്തുള്ള കെട്ടിടങ്ങളിലും സമാന സ്ഥിതിയാണുള്ളത്.
കെട്ടിടത്തിൽ ചെറിയ ഇളക്കമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് താമസക്കാർ പറഞ്ഞു. 108 ഫ്ളാറ്റുകളാണ് ഈ കെട്ടിടത്തിൽ ഉള്ളത്. കരുനാഗപ്പള്ളിക്കാരായ കുടുംബം അടക്കം ഒട്ടേറെ മലയാളികൾ താമസിക്കുന്ന കെട്ടിടമാണിത്. ഉടൻ സ്ഥലത്തെത്തിയ ദുബായ് പോലീസും റെസ്‌ക്യൂ സംഘവും താമസക്കാരെ കെട്ടിടത്തിൽനിന്നും ഒഴിപ്പിച്ചു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഈ കെട്ടിടത്തിന്റെയും, സമീപത്തുള്ള മറ്റു കെട്ടിടങ്ങളുടെയും സുരക്ഷ സംബന്ധിച്ചു അധികൃതർ സ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടിനെ തുടർന്നാണ് അപകടം.


