10 ഇഞ്ചിന്റെ പൈപ്പിൽ ഫിറ്റ് ചെയ്യാൻ കൊണ്ടു വന്നത് ഒമ്പത് ഇഞ്ചിന്റെ വാൽവ് : ശുദ്ധജല വിതരണം നടത്തുന്ന മെയിൻ ലൈനിൽ അറ്റകുറ്റപ്പണി പാളി

Pathanamthitta

അടൂർ – പത്ത് ഇഞ്ച് വ്യാസമുള്ള ജലവിതരണക്കുഴലിൽ ഘടിപ്പിക്കാൻ കൊണ്ടു വന്ന വാൽവിന്റെ വ്യാസത്തിൽ വ്യത്യാസം. ശുദ്ധജല വിതരണം നടത്തുന്ന മെയിൻ ലൈനിൽ അറ്റകുറ്റപ്പണി പാളി. ഒടുവിൽ സംഭരണ ടാങ്കിൽ നിറഞ്ഞു കിടക്കുന്ന ശുദ്ധജലം തുറന്നു വിട്ട് വാട്ടർ അതോറിറ്റി. ആർക്കും ഒരു ഉപകാരവുമില്ലാതെ ഒലിച്ചു പോയത് 4.70 ലക്ഷം ലിറ്റർ വെള്ളം. കൊടുംവേനലിൽ തുള്ളി വെള്ളമില്ലാതെ ജനങ്ങൾ വട്ടം ചുറ്റുമ്പോഴാണ് വാട്ടർ അതോറിറ്റി ഞാണിന്മേൽ കളി നടത്തിയത്.

കടമ്പനാട് ശുദ്ധജല വിതരണ പദ്ധതിയിൽ ഇന്നലെ രാത്രിയിലാണ് കടുംകൈ ചെയ്തത്. പഞ്ചായത്ത് രണ്ടാം വാർഡിൽ മോതിരച്ചുള്ളി മലയിൽ സ്ഥാപിച്ചിരിക്കുന്ന സംഭരണ ടാങ്കിൽ നിന്നുള്ള വെള്ളമാണ് ഗത്യന്തരമില്ലാതെ തുറന്നു വിട്ടിരിക്കുന്നത്. അഞ്ചു ലക്ഷം ലിറ്ററാണ് സംഭരണ ശേഷി. വിതരണ ശൃംഖലയിൽ പുതിയ വാൽവ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസമായി സംഭരണ ടാങ്കിൽ നിന്ന് ജലവിതരണം നിർത്തി വച്ചിരിക്കുകയായിരുന്നു. ടാങ്കിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് വാൽവ് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിനായുള്ള കൂറ്റൻ വാൽവ് ക്രെയിനിലാണ് ഇറക്കിയത്. വിതരണ പൈപ്പ് 10 ഇഞ്ച് വ്യാസമുള്ളതാണ്. ഇതിൽ ഘടിപ്പിക്കാൻ കൊണ്ടു വന്ന വാൽവിന്റെ അളവ് കൃത്യമായിരുന്നില്ല. ഇതു കാരണം ജലവിതരണ പൈപ്പ് മുറിച്ചത് തമ്മിൽ സംയോജിപ്പിക്കാൻ കഴിഞ്ഞില്ല. ഏതു വിധേനെയെങ്കിലും വാൽവ് തിരുകി കയറ്റാനുള്ള ശ്രമത്തിനിടെ ഇളകി വീണ് ഒരു ജോലിക്കാരന് പരുക്കേറ്റുവെന്ന് നാട്ടുകാർ പറയുന്നു. മണ്ണടിയിൽ കല്ലടയാറ്റിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് മലങ്കാവിലെ ശുദ്ധീകരണ ശാലയിൽ നിന്ന് എത്തിക്കും. ഇവിടെ ശുദ്ധീകരിക്കുന്ന വെള്ളമാണ് മോതിരച്ചുള്ളിമലയിലെ സംഭരണ ശാലയിലേക്ക് എത്തിക്കുന്നത്.

മൂന്നു ദിവസമായി ലൈനിൽ ജലവിതരണമില്ലെങ്കിലും പമ്പിങ്ങും ശുദ്ധീകരണവും നടന്നിരുന്നു. ഇതു കാരണം മോതിരച്ചുള്ളി മലയിലെ സംഭരണ ശാലയിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. വാൽവ് ഘടിപ്പിച്ചതിന് ശേഷം ഇന്നലെ വൈകിട്ട് ജലവിതരണം പുനരാരംഭിക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ, അത് സാധിക്കാതെ വന്നപ്പോൾ നിറഞ്ഞു കിടക്കുന്ന ടാങ്ക് അപകട ഭീഷണിയായി. ഇനിയും ശുദ്ധീകരിച്ച ജലം ടാങ്കിലേക്ക് വന്നാൽ അതിൽ ഉൾക്കൊളളാതെ വരും. ടാങ്കിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാകും. അങ്ങനെ വന്നപ്പോഴാണ് വെള്ളം തുറന്നു വിട്ടതെന്ന് കരുതുന്നു.

സംഭരണ ടാങ്കിൽ നിന്നുള്ള വെള്ളം നെല്ലിമുകൾ ജങ്ഷനിൽ എത്തി കടമ്പനാട്, പാണ്ടിമലപ്പുറം, കൊല്ലം ജില്ലയിലെ ഇടയ്ക്കാട്, ഏഴാംമൈൽ എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതാണ്. കടമ്പനാട്, നെല്ലിമുകൾ, മോതിരച്ചുള്ളി മല, കല്ലുകുഴി, ഇടയ്ക്കാട്, പാണ്ടിമലപ്പുറം, ചക്കൂർച്ചിറ, മുണ്ടപ്പള്ളി, അടയപ്പാട്, ലക്ഷംവീട് കോളനി തുടങ്ങിയ പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആൾക്കാരാണ് ഈ വെള്ളം ആശ്രയിച്ചു കഴിയുന്നത്. വേനൽ കടുത്തതോടെ ഉയർന്ന പ്രദേശങ്ങൾ ജലക്ഷാമത്തിന്റെ പിടിയിലാണ്. മൂന്നു ദിവസമായി അറ്റകുറ്റപ്പണിയുടെ പേരിൽ ജലവിതരണം തടസപ്പെട്ടിരിക്കുകയായിരുന്നു. അതിനിടെയാണ് സംഭരിച്ച വെള്ളം ആർക്കും പ്രയോജനമില്ലാതെ തുറന്നു വിട്ടിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയാൻ വേണ്ടി ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *