ജി ആൻഡ് ജി ഉടമ കൈയ്യേറിയ ദേവസ്വം ഭൂമി തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവ്

Crime Pathanamthitta

പത്തനംതിട്ട – നൂറു കണക്കിന് നിക്ഷേപകരില്‍ നിന്നായി 300 കോടിയില്‍പ്പരം രൂപ തട്ടിച്ച് മുങ്ങിയ പുല്ലാട് ജി ആന്‍ഡ് ജി ഉടമ ദേവസ്വം ഭൂമി കൈയ്യേറിയത് തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തെളളിയൂര്‍ക്കാവ് ദേവീക്ഷേത്രത്തിന്റെ 40 സെന്റ് ഭൂമിയാണ് ഇയാള്‍ കൈയ്യേറി സ്വന്തം പേരിലാക്കിയത്.

തെള്ളിയൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വൃശ്ചിക വാണിഭത്തിന്റെ ഏറിയ പങ്കും നടക്കുന്ന ഭൂമിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് തിരികെ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ക്ഷേത്രത്തിന്റെ കാണിക്കമണ്ഡപത്തോടു ചേര്‍ന്ന് വാണിഭം നടത്തുന്ന 40സെന്റ് വസ്തു ദേവസ്വത്തിന് പേരില്‍ക്കൂട്ടി നല്‍കാന്‍ മല്ലപ്പള്ളി തഹസീല്‍ദാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.. ജസ്റ്റിസ്മാരായ അനില്‍ കെ നരേന്ദ്രന്‍, ജി ഗിരീഷ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റതാണ് ഉത്തരവ്

1972 ല്‍ തെള്ളിയൂര്‍ക്കാവ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസം ബോര്‍ഡ് ഏറ്റെടുത്ത അവസരത്തില്‍ ക്ഷേത്രത്തിന്റെ വരുമാന സ്രോതസായി വൃശ്ചിക വാണിഭം നടത്തുന്ന ഭൂമി പരാമര്‍ശിച്ചിരുന്നു. റവന്യൂ രേഖകളില്‍ ദേവസ്വം ഭൂമി ആയി ഇരുന്ന വസ്തു 1996 ലാണ് ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമ ഡി ഗോപാലകൃഷ്ണന്‍ നായര്‍ സ്വന്തം പേരില്‍ക്കൂട്ടിയത് എന്ന് കോടതി കണ്ടെത്തി..

2007 ല്‍ ജി.സതീഷ്‌കുമാര്‍ പ്രസിഡന്റ് ആയുള്ള ക്ഷേത്ര ഉപദേശക സമതി നല്‍കിയ കേസിന്മേല്‍ ഉണ്ടായ തുടര്‍നടപടി ആണ് ഇപ്പോഴത്തെ കോടതി ഉത്തരവ്..രണ്ടുമാസത്തിനുള്ളില്‍ റവന്യു രേഖയില്‍ ദേവസ്വം ഭൂമി എന്ന് മാറ്റം വരുത്തുവാനാണ് ഹൈക്കോടതി നിര്‍ദേശം.

അതേ സമയം പുല്ലാട് ജി ആന്‍ഡ് ജി തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിക്ഷേപം നടത്തിയിട്ടുള്ളതിനാല്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് എസ്.പി ഓഫീസ് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് കേസ് അന്വേഷണം തിരുവല്ലയിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന് വിട്ടത്. ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് ആണ് അന്വേഷണം നടത്തുന്നത്. കേസില്‍ നാലു പ്രതികളാണുള്ളത്. ഡി. ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു ജി. നായര്‍, മകന്‍ ഗോവിന്ദ് ജി. നായര്‍, മരുമകള്‍ ലക്ഷ്മി രേഖഎന്നിവരാണ് ഒന്നു മുതല്‍ നാലു വരെ പ്രതികള്‍. ഇതില്‍ അച്ഛനും മകനും തിരുവല്ല ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങി. ഇവര്‍ റിമാന്‍ഡിലാണ്. സിന്ധു ജി. നായരുടെയും ലക്ഷ്മിരേഖയുടെയും അറസ്റ്റ് ഒഴിവാക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്.

സംസ്ഥാനതത്തെ വിരമിച്ചതും സര്‍വീസിലുള്ളതുമായ ഐപിഎസുകാരില്‍ ചിലര്‍ക്ക് ഇവിടെ നിക്ഷേപം ഉണ്ടായിരുന്നുവെന്നും അവര്‍ക്ക് പണം തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ സ്ത്രീകളായ രണ്ടു പ്രതികളെ ഒഴിവാക്കാന്‍ ശ്രമം നടന്നുവെന്നുമാണ് ആരോപണം.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *