അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞു കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങിനൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂർ വലിയവിളയിൽ സുനി വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയിൽനിന്ന് പ്രതി 8.25 ലക്ഷം രൂപ കൈപ്പറ്റിയതാണ് കേസ്. സമാനമായ ആറ് കേസുകളിൽ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവേയാണ് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.

പരാതിക്കാരിയുടെ മകൾക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷൻ വാങ്ങി നൽകാമെന്നും പറഞ്ഞാണ് കബളിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുടെയും ഭർത്താവിന്റെയും ജോയിന്റ് അക്കൗണ്ടിൽ നിന്ന് 7,55,000 രൂപ പ്രതിക്ക് അയച്ചുകൊടുത്തിരുന്നു. അതിനുശേഷം ഹോസ്റ്റൽ ഫീസെന്നും പറഞ്ഞ് ആശുപത്രിക്ക് സമീപം വെച്ച് എഴുപതിനായിരം രൂപ നേരിട്ട് കൈപ്പറ്റുകയും ചെയ്തു. കോളജിൽ അഡ്മിഷൻ ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ പരാതിപ്പെട്ടത്. വഞ്ചനാ കുറ്റത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചു. കോയിപ്രം എസ്. എച്ച്. ഒ. ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. മുഹ്‌സിൻ മുഹമ്മദാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *