മദ്യം വാങ്ങിയ പണത്തിന്റെ ഷെയർ ചോദിച്ചതിന് യുവാവിനെ മർദിച്ചു കൊന്നു : ഒന്നാം പ്രതിക്ക് ജീവപര്യന്തം : രണ്ടാം പ്രതിയെ വെറുതെ വിട്ടു

Crime
Print Friendly, PDF & Email

പത്തനംതിട്ട – മദ്യം വാങ്ങിയ പണത്തിന്റെ ഷെയർ ചോദിച്ച വിരോധത്താൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. റാന്നി പോലീസ് 2015 ൽ രജിസ്റ്റർ ചെയ്ത കേസിൽ പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നിന്റേതാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക കൊല്ലപ്പെട്ട യുവാവിന്റെ പിതാവിന് നൽകണം. പെരുമ്പെട്ടി കൊറ്റനാട് വട്ടക്കുന്നേൽ വീട്ടിൽ നിന്നും എരുമേലി തെക്ക് കൊടിത്തോട്ടം പഴയിടം വീട്ടിൽ താമസിക്കുന്ന ഷൈജു (26) വിനെയാണ് ജഡ്ജി ജയകുമാർ ജോൺ ശിക്ഷിച്ചത്. കേസിൽ ആകെ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്.

രണ്ടാം പ്രതി പഴവങ്ങാടി കരികുളം മോതിരവയൽ പുലിയള്ളു വാലുപറമ്പ് വീട്ടിൽ ബിനുവിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. മൂന്നാം പ്രതി ചാക്കോ, കേസിന്റെ വിചാരണ നടപടികൾ തുടങ്ങുംമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. 2015 ഡിസംബർ 24 നാണ് കേസിന് ആസ്പദമായ സംഭവം. റാന്നി പഴവങ്ങാടി ചെറുകുളഞ്ഞി ചാവരുപാറ പുതുപ്പറമ്പിൽ വീടിനുള്ളിൽ വച്ച് ബിജു എന്ന് വിളിക്കുന്ന ബിനുമോനെ പ്രതികൾ കമ്പുകൊണ്ട് തലയ്ക്കും ദേഹമാസകാലം അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതരമായ പരിക്ക് പറ്റുകയും വാരിയെല്ലുകൾ പൊട്ടുകയും ചെയ്തു. പരുക്കിന്റെ കാഠിന്യത്താൽ മരണം സംഭവിക്കുകയായിരുന്നു. ഇയാൾ ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്.

റാന്നി പോലീസ് ബിജുവിന്റെ പിതാവിന്റെ മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടികൾ സ്വീകരിച്ചു. അന്നത്തെ റാന്നി പോലീസ് ഇൻസ്പെക്ടർ അബ്ദുൽ റഹീമാണ് കേസ് അന്വേഷണം നടത്തിയത്. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ പി വി രമേശ് കുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഹരിശങ്കർ പ്രസാദ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *