എസ്‌ഐക്ക് നേരെ പൊലീസുകാരന്റെ തെറിവിളി : സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് അങ്ങാടിപ്പാട്ടായി .

Crime Idukki
Print Friendly, PDF & Email

ഇടുക്കി – രാത്രികാല പൊലീസ് സ്‌റ്റേഷൻ പരിശോധനയുടെ ഭാഗമായി എത്തിയ സബ് ഡിവിഷൻ ഓഫീസറെ മദ്യ ലഹരിയിൽ സിവിൽ പൊലീസ് ഓഫീസർ അസഭ്യം പറഞ്ഞ സംഭവം സംബന്ധിച്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടും പുറത്തായി. പൊലീസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പുറത്തു വന്ന റിപ്പോർട്ടാണ് നാട്ടിൽ വ്യാപകമായി പ്രചരിക്കുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള റിപ്പോർട്ട് ചോർന്നത് പൊലീസ് സേനയ്ക്കാകെ നാണക്കേടായി മാറി. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന റിപ്പോർട്ടിൽ സിവിൽ പൊലീസ് ഓഫീസർക്കെതിരെ ഗുരുതര ആരോപണമാണുള്ളത്.

രാത്രി പരിശോധനക്കായി സബ് ഡിവിഷൻ ഓഫീസറുടെ ചുമതല വഹിക്കുന്ന വണ്ടൻമേട് എസ്‌ഐ കമ്പംമെട്ട് സ്‌റ്റേഷനിൽ എത്തിയപ്പോൾ ജിഡി ചാർജുകാരനെയും മറ്റ് ചുമതലക്കാരെയും കൂടാതെ സ്‌റ്റേഷന്റെ മുറ്റത്ത് നിന്നിരുന്ന പൊലീസുകാരനെ കണ്ടു. ചാർജ് ഓഫീസറായ എസ്.ഐ വീട്ടിൽ പോകാറായില്ലേയെന്ന് ചോദിച്ചപ്പോൾ താൻ ഉത്സവ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വന്നതാണെന്നും സൗകര്യമുള്ളപ്പോൾ പോകുമെന്ന് മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് എസ്‌ഐയോട് പരുഷമായി സംസാരിച്ചു. എസ്. ഐ യുടെ ആവശ്യ പ്രകാരം സംഭവം ജിഡിയിൽ രേഖപ്പെടുത്തുന്നതിനായി പൊലീസുകാർ സ്‌റ്റേഷനുള്ളിലേക്ക് കയറിയ സമയത്ത് ജീപ്പിൽ കയറി ഇരിക്കുകയായിരുന്ന എസ്.ഐയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും നിന്നെ ന്യൂസിലാൻഡിന് വിടാമോന്ന് ഒന്നു നോക്കേട്ടെടാ എന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ രാത്രികാല പരിശോധനയുടെ ഭാഗമായാണ് സബ് ഡിവിഷൻ ഓഫീസറുടെ ചുമതലയുള്ള എസ് ഐ കമ്പംമെട്ട് സ്‌റ്റേഷനിൽ എത്തിയത്.ഈ സമയം സ്‌റ്റേഷൻ മുറ്റത്ത് കാല് നിലത്തുറപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന പൊലീസുകാരനോട് എന്താണ് ഈ അവസ്ഥയിൽ നിൽക്കുന്നത്.വീട്ടിൽ പോകാൻ ആവശ്യപ്പെട്ടതാണ് പൊലീസുകാരനെ ചൊടിപ്പിച്ചത്.ഒരു പ്രകോപനവുമില്ലാതെ മേലുദ്യോഗസ്ഥനെ അസഭ്യം പറയുകയായിരുന്നു. അശ്ലീലം അസഹനീയമായതോടെ പരിശോധന മതിയാക്കി സബ് ഡിവിഷൻ ഓഫീസർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് സ്‌റ്റേഷനിൽ ഈ സമയമുണ്ടായിരുന്നവർ പറയുന്നത്.

ഇവിടുത്തെ വ്യാജ മദ്യ ലോബികളുമായി ചില പൊലീസുകാർക്ക് ബന്ധമുണ്ടെന്ന് നേരത്തെയും ആരോപണമുണ്ടായിരുന്നു. ഇവരുടെ സൽക്കാരം സ്വീകരിച്ചാണ് പലരും രാത്രികാലങ്ങളിൽ ജോലി ചെയ്യുന്നതെന്നും ആരോപണമുണ്ട്.ഏതാനും വർഷങ്ങൾക്ക് മുമ്പ് മദ്യ മാഫിയ നല്കിയ മദ്യം കഴിച്ച് ഇവിടുത്തെ ഒരു പോലീസ് കോൺസ്റ്റബിൾ മരണപ്പെട്ടിരുന്നു. അതെ സമയം മേലുദ്യോഗസ്ഥനെ മറ്റ് കീഴുദ്യോഗസ്ഥരുടെ മുന്നിൽ വച്ച് പരസ്യമായി അസഭ്യം പറഞ്ഞ പൊലിസുകാരനെതിരെ ഇതുവരെ നടപടിയെടുത്തില്ലെന്നതാണ് കൗതുകകരം.

Leave a Reply

Your email address will not be published. Required fields are marked *