തിരുവല്ല – വിദേശ മലയാളി നൽകിയ ക്വട്ടേഷൻ പ്രകാരം കവിയൂർ സ്വദേശിയായ യുവാവിന്റെ മുഖത്ത് മുളകു പൊടിഞ്ഞ എറിഞ്ഞ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മാസങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് പിടികൂടിയെങ്കിലും കേസിൽ ഉൾപ്പെടുത്താതെ വിട്ടയച്ചുവെന്നും ആരോപണം.
കവിയൂർ പഴമ്പള്ളി തുണ്ട് പറമ്പിൽ വീട്ടിൽ മനീഷ് വർഗീസ് ( 38 ) നെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയായ പന്തളം കടക്കാട് വലിയവിള കിഴക്കേതിൽ സജു ജോസ് (29 ) ആണ് കുളനടയിൽ നിന്നും തിരുവല്ല പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒക്ടോബർ മാസം പന്ത്രണ്ടാം തീയതി ഉച്ചകഴിഞ്ഞ് നാല് മണിയോടെ കവിയൂർ പഴമ്പള്ളി ജങ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വഴിയരികിൽ കാറിൽ കാത്തു കിടന്ന സംഘം ബൈക്കിൽ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
വിദേശ മലയാളിയായ കവിയൂർ തെക്കേ മാക്കാട്ടിൽ വീട്ടിൽ അനീഷ് നൽകിയ ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടത്താൻ മറ്റൊരു സംഘത്തെ നിയോഗിച്ച പ്രതിയാണ് പിടിയിലായ സജു ജോസ്. ക്വട്ടേഷൻ ഏറ്റെടുത്ത് കൃത്യം നടപ്പിലാക്കിയ മുഖ്യപ്രതി മാവേലിക്കര നൂറനാട് പടനിലം അരുൺ നിവാസിൽ അക്കു എന്ന് വിളിക്കുന്ന അനിൽ കുമാർ (30), കാർത്തികപ്പള്ളി ചെറുതന ഇലഞ്ഞിക്കൽ വീട്ടിൽ വിഷ്ണു എന്ന് വിളിക്കുന്ന ജി. യദു കൃഷ്ണൻ (26), വിയപുരം കാരിച്ചാൽ കൊച്ചിക്കാട്ടിൽ വീട്ടിൽ കെ ഡി സതീഷ് കുമാർ (43), അമ്പലപ്പുഴ കരുമാടി സംഗീത മന്ദിരത്തിൽ റോയി എന്ന് വിളിക്കുന്ന ഷമീർ ഇസ്മയിൽ (32), വിദേശ മലയാളിയായ അനീഷിന് സജുവിനെ പരിചയപ്പെടുത്തി നൽകിയ തുകലശ്ശേരി സ്വദേശി അഭിലാഷ് മോഹനൻ എന്നിവർ കേസിൽ നേരത്തെ പിടിയിലായിരുന്നു. മനേഷ് വർഗീസ് അടങ്ങുന്ന നാലംഗ സംഘം രണ്ടു വർഷം മുമ്പ് കവിയൂരിൽ വച്ച് കേസിൽ ക്വട്ടേഷൻ നൽകിയ കവിയൂർ സ്വദേശിയായ വിദേശ മലയാളിയായ അനീഷിനെ ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കുന്നതിനായാണ് അനീഷ് സജു ജോസിന് ക്വട്ടേഷൻ നൽകിയത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറിൽ ചന്ദ്രൻഉണ്ണിത്താൻ കൊലചെയ്യപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് പിടിയിലായ സജു ജോസ്.
പെൺകുട്ടിയെ ആക്രമിച്ചതടക്കം സജു ജോസിനെതിരെ പന്തളം പോലീസ് പന്തളം പോലീസ് സ്‌റ്റേഷനിൽ മൂന്ന് കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. ഡിവൈഎസ്പി എസ് അഷാദിന്റെ നിർദ്ദേശപ്രകാരം സി ഐ ബി കെ സുനിൽ കൃഷ്ണൻ, പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ സീനിയർ സിപിഒമാരായ അഖിലേഷ്, മനോജ്, സിപിഒ അവിനാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മണ്ണടിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ കാറിൽ സഞ്ചരിക്കുമ്പോഴാണ് സജു പൊലീസിന്റെ പിടിയിലായത്. സജുവിന് ഒൡച്ചു നടക്കാൻ തന്റെ കാർ ഡിവൈഎഫ്‌ഐ നേതാവ് നൽകുകയായിരുന്നുവത്രേ. പ്രതിക്ക് ഒളിച്ചു നടക്കാൻ കൊടുത്ത കാർ പക്ഷേ, പൊലീസ് കസ്റ്റഡിയിൽ എടുക്കാൻ തയാറായില്ല. അടൂരിലെ പ്രമുഖ നേതാക്കളുടെ ഇടപെടലാണ് ഇതിന് കാരണമായതെന്നും പറയുന്നു. സജുവിന്റെ ഫോട്ടോ എടുക്കുന്നത് പൊലീസ് വിലക്കിയെന്നും പറയുന്നുണ്ട്്.
What do you feel about this post?
Like
Love
Happy
Haha
Sad

