ഇംഗ്ലണ്ട് – ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് തകർപ്പനാക്കാനുള്ള ഒരുക്കത്തിലാണ് യുകെ മലയാളികൾ. ജാതി മത രാഷ്ട്രീയ ഭേദമന്യേ തികച്ചും സൗജന്യമായി നടത്തുന്ന ആ മഹാമേളയുടെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഒരോ തവണയും അവാർഡ് നൈറ്റ് അരങ്ങേറിക്കഴിയുമ്പോൾ അത് വൻ വിജയത്തിലെത്തുന്നത് അരങ്ങേറുന്ന പ്രദേശത്തെ പ്രഗത്ഭരായ മലയാളികളുടെ സംഘാടക നേതൃത്വവും അതിനൊപ്പം ചേരുന്ന ബ്രിട്ടീഷ് മലയാളി ടീമംഗങ്ങളുടെ കൂടിച്ചേരലും കൂടിയാകുമ്പോഴാണ്. ഇത്തവണയും ബ്രിട്ടീഷ് മലയാളി ടീമിനൊപ്പം ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെ സഹകരണവും കൂടിചേരുമ്പോൾ സമയനിഷ്ടയിലും നിലവാരത്തിലും ഒക്കെ നമ്പർ വൺ ആയി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇത്തവണത്തെ അവാർഡ് നൈറ്റിന്റെ ചുക്കാൻ പിടിക്കാനായി കോഴഞ്ചേരി സ്വദേശിയായ സാം തിരുവാതിലിൽ ചെയർമാനായുള്ള നേതൃത്വത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ജനറൽ കൺവീനറായി ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റി മുൻ പ്രസിഡന്റായ ജോസ് തോമസിനെയും വൈസ് ചെയർമാന്മാരായി സൈമി ജോർജിനേയും സാബു ചുണ്ടക്കാട്ടിലിനേയും പ്രോഗ്രാം ഡയറക്ടറായി ടെൽസ്‌മോൻ തോമസിനേയും ഇവന്റ് ഡയറക്ടറായി ജോർജ്ജ് എടത്വായേയും ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. ലെസ്റ്റർ മലയാളിയും ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെ പ്രസിഡന്റുമായ ജോർജ്ജിന്റെ നേതൃത്വത്തിൽ വമ്പൻ ടീമാണ് അണിയറയിൽ ഒരുങ്ങുന്നത്.
ജൂൺ 22ന് രാവിലെ 11 മുതൽ രാത്രി ഒൻപതു വരെ നീണ്ടു നിൽക്കുന്ന ഇടതടവില്ലാത്ത ദൃശ്യ വിരുന്നായി അവാർഡ് നൈറ്റ് നടക്കും. പതിവ് പോലെ മലയാള സിനിമയിലെ താരങ്ങളടക്കം പങ്കുടുക്കുന്നതിലൂടെ സമ്പന്നമാകുന്ന അവാർഡ് നൈറ്റിന് ലെസ്റ്ററിലെ മലയാളി സമൂഹവും പൂർണ പിന്തുണയുമായി കൂടെയുണ്ടാകും. 2011ൽ സ്വിണ്ടനിൽ ആരംഭിച്ച ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് യുകെയിലെ പ്രധാന പട്ടണങ്ങളിൽ ഓരോ വർഷവും എത്തുന്ന പതിവാണ് ഇത്തവണ ലെസ്റ്ററിൽ എത്തുന്ന അവാർഡ് നൈറ്റിലൂടെ സാദ്ധ്യമാകുന്നത്.


