തിരുവല്ല നഗരസഭയിലെ നഗര ജനകീയ ആരോഗ്യകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – നഗരാരോഗ്യത്തിന് കൂടുതൽ കരുത്ത് പകരുകയാണ് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവല്ല നഗരസഭാ നഗര ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം തിരുമൂലപുരം ഇരുവള്ളിപ്രയിൽ നിർവഹിക്കുക ആയിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ പൊതുജന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആരോഗ്യ സൂചകങ്ങൾ മികച്ച രീതിയിലാണുള്ളത്. ആയുർദൈർഘ്യ നിരക്ക് ഏറ്റവും കൂടുതലും നവജാതശിശു മരണനിരക്കും മാതൃ മരണനിരക്കും ഏറ്റവും കുറവുമുള്ള സംസ്ഥാനമാണ് കേരളം. നവജാത ശിശു മരണനിരക്ക് ആറ് ആകണമെന്ന് ലോക ആരോഗ്യ സംഘടന നിർദേശിക്കുമ്പോൾ കേരളത്തിന്റെ നിരക്ക് അഞ്ചിലും താഴെയാണ്. വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തിലൂടെയുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് ഇത്തരം മാറ്റങ്ങൾ കൈവരിച്ചത്.

പൊതുജനാരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോൾ നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പങ്കും വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുമ്പോൾ നഗരപ്രദേശങ്ങളിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡിലൂടെ വെൽനെസ് സെന്ററുകളും പ്രവർത്തനം നടത്തുന്നു. എല്ലാവർക്കും ആരോഗ്യം എന്ന സർക്കാർ ലക്ഷ്യത്തിനായി 30 വയസിന് മുകളിലുള്ളവരുടെ വാർഷിക ആരോഗ്യപരിശോധനയും ആശപ്രവർത്തകർ മുഖേന നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നഗരങ്ങളിലെ സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കാൻ നഗര ജനകീയ ആരോഗ്യകേന്ദ്രം വളരെ സഹായകമാകുമെന്ന് ചടങ്ങിൽ വിശിഷ്ടതിഥിയായ ആന്റോ ആന്റണി എം.പി പറഞ്ഞു.

കേരളത്തിലെ ആരോഗ്യനിലവാരം മെച്ചപ്പെട്ടു നിൽക്കുന്നത് കണക്കാക്കിയാണ് പഞ്ചായത്തുകൾക്ക് ഒപ്പം നഗരങ്ങളിലും ആരോഗ്യകേന്ദ്രങ്ങൾ ആരംഭിക്കുന്നതെന്ന് ചടങ്ങിൽ വിശിഷ്ടതിഥിയായ അഡ്വ. മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളുടെ വിജയത്തിനു കൂട്ടായ പ്രവർത്തനം ശക്തമാക്കണമെന്നും എം എൽ എ പറഞ്ഞു.

മികച്ച ചികിത്സ സൗകര്യങ്ങൾ, വിദഗ്ദ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സ്വാന്തന പൂർണ്ണമായ സേവനം, അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഊന്നൽ,പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കുള്ള ചികിത്സ,സ്വാന്തന പരിചരണം, പകർച്ചവ്യാധി തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് നഗര ആരോഗ്യകേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്ന സേവനങ്ങൾ.

നാഷണൽ ഹെൽത്ത് മിഷനും സംസ്ഥാന സർക്കാരുമായി സഹകരിച്ചുകൊണ്ടാണ് ആരോഗ്യ കേന്ദ്രം നഗരസഭ ആരംഭിച്ചത്.
നഗരസഭാ ചെയർപേഴ്സൺ അനുജോർജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസ് പഴയിടം, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷീല വർഗീസ്, സാറാമ്മ ഫ്രാൻസിസ്, ഷീജ കരിമ്പിൻകാല, നഗരസഭ സെക്രട്ടറി ആർ.കെ ദീപേഷ്, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷീജ ബി റാണി, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *