കൊക്കാത്തോട്ടിൽ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടു കൂടിയ പ്രാഥമികാരോഗ്യകേന്ദ്രം :

Pathanamthitta
Print Friendly, PDF & Email

കോന്നി – കൊക്കാത്തോട്ടിൽ ഒരുങ്ങുന്നത് ആധുനികസൗകര്യങ്ങളോടുകൂടിയ പ്രാഥമികാരോഗ്യകേന്ദ്രമാണെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാർ എംഎൽഎ പറഞ്ഞു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കൊക്കാത്തോട് പ്രാഥമികാരോഗ്യത്തിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരികയായിരുന്നു എംഎൽഎ.

സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 1.24 കോടി രൂപയാണ് കെട്ടിട നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. നിലവിലുള്ള കെട്ടിടം നവീകരിക്കുക മാത്രമല്ല ഇരുനിലയുള്ള മറ്റൊരു കെട്ടിടം കൂടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി നിർമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് അടക്കമുള്ള സജ്ജീകരണങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. മലയോരമേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ നവീകരണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡോക്ടർമാരുടെ എണ്ണവും ഒ.പി സമയവും വർധിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കും.

കല്ലേലി – കോക്കാത്തോട് റോഡ്, കുടിവെള്ള പദ്ധതികൾ തുടങ്ങി നിരവധി വികസനപ്രവർത്തനങ്ങളാണ് അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ യാഥാർഥ്യമായിട്ടുള്ളത്. ഗ്രാമപഞ്ചായത്തിലെ അർഹരായവർക്ക് കേന്ദ്രാനുമതി ലഭിച്ചാൽ ഉടൻ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കി കഴിഞ്ഞു. ഇതിനുള്ള നടപടികൾ 2019 ൽ ആരംഭിച്ചതാണ്. കേന്ദ്ര വനം മന്ത്രിയുമായി ചർച്ച നടത്തിയതായും വാർഡുതലത്തിലുള്ള വിവരശേഖരണ പ്രവൃത്തികൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു.

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സി.എൻ ബിന്ദു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. സിന്ധു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. ശ്രീകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ അംജിത്ത് രാജീവൻ, കൊക്കത്തോട് പിഎച്ച്‌സി മെഡിക്കൽ ഓഫീസർ എസ്. ആർ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *