ജോബ് സ്റ്റേഷനിൽ അപേക്ഷ നൽകുന്ന പരമാവധി ആളുകൾക്ക് ജോലി നൽകും: അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

Pathanamthitta
Print Friendly, PDF & Email

റാന്നി – ജോബ് സ്റ്റേഷനിൽ അപേക്ഷ നൽകുന്ന പരമാവധി ആളുകൾക്ക് ആറുമാസത്തിനകം ജോലി നൽകുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. വിജ്ഞാന പത്തനംതിട്ട – ഉറപ്പാണ് തൊഴിൽ പദ്ധതിയുടെ ഭാഗമായി റാന്നി നിയോജക മണ്ഡലത്തിലെ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും വിജ്ഞാന സദസും റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യോഗ്യതയ്ക്കും, അഭിരുചിക്കും, വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴിൽ നൽകുകയാണ് സർക്കാർ ലക്ഷ്യം. റാന്നി നോളജ് വില്ലേജുമായി ബസപ്പെട്ടുള്ള സ്‌കിൽ ഹബ്ബ് നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതിയായി. പഞ്ചായത്തുകളിൽ നോളജ് സെന്റർ സ്ഥാപിക്കുവാൻ പഞ്ചായത്തുകൾ സ്ഥലം കണ്ടെത്തി നൽകണം. ജനപ്രതിനിധികൾ ജോബ് സെന്ററുകളുടെ അംബാസിഡർമാരാകണം.

തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സഹായ കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. തൊഴിൽദാതാക്കൾക്ക് അനുയോജ്യമായ നൈപുണ്യശേഷിയുള്ളവരെ കണ്ടെത്താൻ ജോബ് സ്റ്റേഷനിലൂടെ സാധിക്കും . ജോബ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്നതു കൊണ്ട് മാത്രം തൊഴിലന്വേഷകരുടെ പ്രവർത്തനം പൂർത്തിയാകുന്നില്ല. അപേക്ഷകർ തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒഴിവുകൾ വരുമ്പോൾ അവയിൽ അപേക്ഷ നൽകുകയും വേണം. തൊഴിൽ അന്വേഷകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനുള്ള കരിയർ കൗൺസിലർമാരും സാങ്കേതിക സൗകര്യവും ജോബ് സ്റ്റേഷനിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി അധ്യക്ഷത വഹിച്ചു. വിജ്ഞാന പത്തനംതിട്ട ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബീന ഗോവിന്ദൻ വിഷയാവതരണം നടത്തി.

വിജ്ഞാന തൊഴിൽ പദ്ധതിയെക്കുറിച്ചും നോളജ് ഇക്കോണമി മിഷൻ പ്രവർത്തനങ്ങളെയും സേവനങ്ങളെയും കുറിച്ചും തൊഴിലന്വേഷകർക്ക് സമ്പൂർണ വിവരങ്ങൾ ജോബ് സ്റ്റേഷനുകളിൽ നിന്ന് ലഭിക്കും. ജില്ലയിലെ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് നോളജ് ഇക്കോണമി മിഷന്റെ ‘വിജ്ഞാന പത്തനംതിട്ട -ഉറപ്പാണ് തൊഴിൽ പദ്ധതി. ജില്ലയിലെ തൊഴിലന്വേഷകർക്ക് തൊഴിൽ ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ജോബ് സ്റ്റേഷൻ സജ്ജമാക്കിയിട്ടുണ്ട്.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, പഞ്ചായത്തു പ്രസിഡന്റുമാരായ പി എസ് മോഹനൻ, ടി.കെ.ജയിംസ്, അമ്പിളി പ്രഭാകരൻ നായർ ,ഉഷാ സുരേന്ദ്രനാഥ്, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് എബ്രഹാം, കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ ഡോ.എ.ശ്രീകാന്ത്, ജില്ലാ പ്രോഗ്രാം മാനേജർ ഷിജു എം സാംസൺ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *