ശബരിമലനട നാളെ വൈകിട്ട് തുറക്കും; കർക്കിടകവാവ്‌ ബലിക്ക് പമ്പയിൽ സൗകര്യം

Kerala Pathanamthitta

പത്തനംതിട്ട – കർക്കടകമാസ പൂജകൾക്കായി ശബരിമലനട നാളെ വൈകിട്ട് ജൂലൈ 16ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരിയാണ് നടതുറക്കുന്നത്. ഞായറാഴ്ച നടതുറന്ന ശേഷം മേൽശാന്തി അയ്യപ്പനെ നിദ്രയിൽ നിന്നുണർത്തി ശ്രീകോവിൽ തുറന്ന് ദീപങ്ങൾ തെളിയിക്കും. ശേഷം, ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്രങ്ങളിലും നടതുറന്ന് വിളക്ക് തെളിയിച്ച് പതിനെട്ടാം പടിക്കു താഴെ ഹോമകുണ്ഡത്തിലെ ആഴിയിലും അഗ്‌നിപകരും.

അതിനുശേഷം വിശ്വാസികൾക്ക് പതിനെട്ടാംപടി കയറാം. ഇതേസമയം മാളികപ്പുറം മേൽശാന്തി മാളികപ്പുറം നടതുറന്ന് ദീപങ്ങൾ തെളിയിക്കും. നടതുറക്കുന്ന ദിവസം ഇരു ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളൊന്നുമില്ല. രാത്രി പത്തുമണിയോടെ നടയടയ്ക്കും. 17 തിങ്കളാഴ്ച മുതൽ ക്ഷേത്രത്തിൽ കർക്കടക മാസ പൂജകൾ ആരംഭിക്കും.

ഒന്നാം തിയതി പുലർച്ചെ 5.30ന് കർക്കടകമാസ പൂജ ആരംഭിക്കും. നിർമ്മാല്യദർശനവും അഭിഷേകവും കഴിഞ്ഞ് 5.30ന് മഹാഗണപതി ഹോമം നടക്കും. തുടർന്ന് നെയ്യഭിഷേകം, 7.30ന് ഉഷപൂജ, 12.30ന് ഉച്ചപൂജ എന്നിങ്ങനെയാണ് സമയക്രമം. ഉച്ചയ്ക്ക് 1.00 മണിക്ക് നട അടച്ച ശേഷം വൈകിട്ട് 5.00ന് വീണ്ടും തുറക്കും. നട അടയ്ക്കുന്ന ദിവസം വരെ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

കർക്കിടക വാവ് ദിനമായ കർക്കടകം ഒന്നിന് പമ്പയിൽ ബലിതർപ്പണത്തിനായിട്ടുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. പമ്പയിലെ ത്രിവേണി സംഗമത്തിലാണ് ബലിതർപ്പണം നടത്തുന്നത്. വനവാസക്കാലത്ത് ഇവിടെ വെച്ചാണ് ശ്രീരാമൻ പിതാവായ ദശരഥന്റെ മരണവാർത്ത അറിഞ്ഞതെന്നാണ് പറയപ്പെടുന്നത്. തുടർന്ന് രാമൻ ദശരഥന് പിതൃതർപ്പണം ചെയ്തുവെന്നും ഐതിഹ്യമുണ്ട്.

കർക്കടക പൂജകൾക്കായി ശബരിമലയിൽ എത്തിച്ചേരുന്ന വിശ്വാസികൾ മുൻകൂട്ടി വിർച്വൽ ക്യൂ ബുക്കിങ് നടത്തണം. നിലയ്ക്കൽ, പമ്പ ഗണപതികോവിൽ എന്നിവിടങ്ങളിൽ അധികൃതര് സ്‌പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തെ പൂജകൾക്ക് ശേഷം 21 ന് വെള്ളിയാഴ്ച നട അടയ്ക്കും. നിറപുത്തരി പൂജയ്ക്കായി ഓഗസ്റ്റ് 9ന് വൈകുന്നേരം 5.00 ന് നട തുറക്കും. ഓഗസ്റ്റ് 10ന് നിറപുത്തരി ആഘോഷിക്കും. പുലർച്ചെ 5.45നും 6.15നും ഇടയിൽ നെൽക്കതിരുകൾ അയ്യപ്പനു പൂജിക്കും.

കർക്കിടക പൂജ പ്രമാണിച്ച് ശബരിമലയിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ നടത്തും. യാത്രക്കാരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ നടത്തും. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്‌പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി പമ്പ ഫോൺ: 0473-5203445,
തിരുവനന്തപുരം- ഫോൺ: 0471-2323979, കൊട്ടാരക്കര- ഫോൺ: 0474-2452812
പത്തനംത്തിട്ട- ഫോൺ: 0468-2222366

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *