കോഴഞ്ചേരി പുഷ്പ മേള : നഗരത്തെ ഇളക്കിമറിച്ച് മഹാ വിളംബര യാത്ര

Kerala Fashion Pathanamthitta

കോഴഞ്ചേരി : മധ്യതിരുവിതാംകൂറിന്റെ ആവേശം വാനോളം ഉയർത്തി ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്ന് വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയം ഗ്രൗണ്ടിൽ (മുത്തൂറ്റ് പാപ്പച്ചൻ ജാനമ്മ ഫിൻകോർപ് നഗർ) സംഘടിപ്പിക്കുന്ന ഊട്ടിമോഡൽ പുഷ്പ്പമേളയുടെ ഭാഗമായി നടത്തിയ മഹാ വിളംബര യാത്ര നഗരത്തെ ഇളക്കിമറിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും ആരംഭിച്ച വിളംബരയാത്രയുടെ ഫ്‌ളാഗ് ഓഫ് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രോപോലീത്ത, ഡോ.ജോസഫ് മാർ ഇവാനിയോസ് എപീസ്‌കോപ്പാ, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ്, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് അലക്‌സ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗം സാറതോമസ്, സംഘാടക സമിതി ജനറൽ കൺവീനർ ബിജിലി പി.ഈശോ, സാലി ഫിലിപ്പ്, മോട്ടി ചെറിയാൻ, ദീപ, നിജിത്, ജോജി കാവുംപടിക്കൽ, പ്രസാദ് ആനന്ദ ഭവൻ തുടങ്ങിയവർ സംസാരിച്ചു. നൂറ് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ ഫാൻസി ഡ്രസ്, വിവിധ കലാരൂപങ്ങൾ എന്നിവയോടൊപ്പം നൂറുകണക്കിന് ആളുകൾ വിളംബരയാത്രയിൽ അണിനിരന്നു. കോഴഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, അഗ്രിഹോർട്ടി സൊസൈറ്റി, ഇലന്തൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്തുകൾ, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, കോയിപ്രം, അയിരൂർ, ചെറുകോൽ, ഇലന്തൂർ, ആറന്മുള, മെഴുവേലി, നാരങ്ങാനം എന്നീ ഗ്രാമപഞ്ചായത്തുകൾ, വ്യാപാരി വ്യവസായി ഏകോപന സമിതി, കോഴഞ്ചേരി സെന്റ്‌തോമസ് കോളേജ് അലുംനി, കൃഷി വിജ്ഞാനകേന്ദ്ര, വിവിധ സാംസ്‌കാരികസന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തിലാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്.

റോസ്, ലില്ലി, ചെമ്പരത്തി, ക്രിസാന്തം, മേരിഗോൾഡ്, മുല്ല, പിച്ചി, ലിക്കാടിയാ, ഗോൾഡൻ മുല്ല, കാറ്റസ്‌ക്ലോ, സാൽവിയ, കലാഞ്ചിയ, ജമന്തി, ഓർക്കിഡ്, പീസ് ലില്ലി, ആന്തൂറിയം, ലോറപ്റ്റലം, അരുളി, ഡാലിയ, അസീലിയ, പ്ലമേറിയ, ഗ്ലാഡിയോല, ചെമ്പകം, ബോഗൺവില്ല, മുസാണ്ട, മെലസ്‌റ്റോമ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് പുഷ്പ വൈവിധ്യങ്ങളാണ് മേളയിൽ കാണികളുടെ മനംകവരുക. ഇതോടൊപ്പം സിന്ധുര മുതൽ തത്തയുടെ കൊക്കിന്റെ ആകൃതിയിലുള്ള തോതാപുരി വരെ, 300 ഗ്രാം ഭാരമുള്ള പ്രശസ്തമായ രത്‌നഗിരി അൽ ഫോൻസോയും കൂടാതെ കേസർ, ബേദാമി, രാജപുരി, ബംഗാനപള്ളി, സുവർണരേഖ, നാം ടോക്, ബ്ലാക്‌റോസ്, മിയസാക്കി, ബാ നാനമംഗോ തുടങ്ങി 50ഓളം വത്യസ്ത മാവിൻ തൈകൾ. ആറുമാസം കൊണ്ട് കായ്ക്കുന്ന ആയുർ ജാക്ക് പ്ലാവ് രണ്ടു കൊല്ലം കൊണ്ട് കായ്ക്കുന്ന ഗംഗ ബോണ്ടം തെങ്ങിൻ തൈകൾ തുടങ്ങി നിരവധി വിദേശിയും സ്വദേശിയുമായ ഫലവൃക്ഷ തൈകളും മേളയിൽ ഒരുക്കിയിട്ടുണ്ട്. വിപണന സ്റ്റാളുകൾക്ക് പുറമെ വിവിധ രുചികളിലുള്ള പായസങ്ങളുടെ മേളയും, വളർത്തു മൃഗങ്ങളുടെയും വളർത്തു പക്ഷികളുടെയും അമൂല്യ നിരയുമായി പെറ്റ്‌ഷോയും മേളയിലുണ്ട്. ബാൾ പൈത്തൺ, ഇഗ്വാന, സൽഫർ ക്രെസ്റ്റഡ് കൊക്കാറ്റൂ, സൺ കോണ്യൂർ, കോക് ടെയിൽ, പൈനാപ്പിൾ കോണ്യൂർ, ആഫ്രിക്കൻ ലവ്‌ബേർഡ്‌സ്, ഫാന്റയിൽ തുടങ്ങിയ അരുമ ജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ സൗകര്യമുണ്ട്. കുട്ടികൾക്കും സ്ത്രീകൾക്കുമുൾപ്പെടെ പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞും ഇഗ്വാനയെ തോളിലേറ്റിയും ആഫ്രിക്കൻ ലവ്‌ബേർഡിനെ കൊഞ്ചിച്ചും വിവിധ ആംഗിളുകളിൽ ഫോട്ടോയെടുക്കാമെന്ന് സംഘാടകർ വ്യക്തമാക്കി.

ഫോട്ടോ കോഴഞ്ചേരി പുഷ്പമേളയോടനുബന്ധിച്ച് നഗരത്തിൽ നടത്തിയ മഹാവിളംബര റാലി മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രോപോലീത്ത, ഡോ.ജോസഫ് മാർ ഇവാനിയോസ് എപീസ്‌കോപ്പാ, മുൻ രാജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ കുര്യൻ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്നു. സമീപം അഗ്രിഹോർട്ടി സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി.തോമസ്, സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ.ജോർജ് അലക്‌സ്, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് തുടങ്ങിയവർ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *