കോഴഞ്ചേരി: ആറന്മുളയുടെ മാത്രം സ്വന്തമായ സവിശേഷ ആചാരം ധനുമാസക്കമ്പത്തിന് തുടക്കം കുറിച്ച് തണുങ്ങ് ശേഖരണം ആരംഭിച്ചു. ക്യഷ്ണാർജുനൻമ്മാർ ഖാണ്ഡവ വനം അഗ്‌നിദേവന് സമർപ്പിച്ചതിന്റെ ഓർമ്മയ്ക്കായാണ് ധനുമാസക്കമ്പം ആചരിക്കുന്നത്.
ധനുമാസാരംഭം മുതൽ ആറൻമുള ക്ഷേത്ര പരിസരത്തുള്ള കുട്ടികൾ പരിസര പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച് കവുങ്ങിന്റെ ഓലകൾ ശേഖരിക്കുന്നു. ഇവ ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിന് കിഴക്കേ നടക്കഭിമുഖമായി നിലകൊള്ളുന്ന മൂർത്തിട്ട ഗണപതീക്ഷേത്രപരിസരത്ത് എത്തിച്ച് സൂക്ഷിക്കും. ഓരോ ദിവസവും കവുങ്ങോലകൾ ശേഖരിച്ചശേഷം വിഘ്‌നനിവാരണനായ മൂർത്തിട്ട ഗണപതിക്ക് മുൻന്നിലെത്തി വഞ്ചിപ്പാട്ട് പാടി സ്തുതിച്ച ശേഷമാണ് കുട്ടികൾ മടങ്ങിപ്പോവുക.

കുട്ടികൾക്ക് പിൻതുണയും സഹായവും പ്രോത്സാഹനവും നൽകി മുതിർന്നവരും ഒപ്പമുണ്ടാകും. മകര സംക്രമത്തിന് മുന്നോടിയായി ധനുമാസത്തിലെ അവസാന നാളിൽ പുലർച്ചെ ക്ഷേത്രപരിസരത്ത് സ്ഥാപിച്ച തൂണിൽ തണുങ്ങുകൾ കെട്ടിയശേഷം, കമ്പത്തിൽ അഗ്‌നി പകരുന്നതാണ് ചടങ്ങ്. ഖാണ്ഡവ വനം ദഹിപ്പിച്ചതിനെ അനുസ്മരിക്കുന്ന ധനുമാസകമ്പ ചടങ്ങിൽ കൃഷ്ണാർജ്ജുനൻമ്മാരുടെ സാന്നിധ്യം ഉണ്ടാകും എന്നാണ് വിശ്വാസം. കമ്പത്തിനൊപ്പം അധർമ്മത്തെയും നാടിനെ ബാധിച്ച ദോഷ ദുരിതങ്ങളെയും അഗ്‌നിദേവൻ ദഹിപ്പിക്കുമെന്നും ആറൻമുളക്കാർ വിശ്വസിക്കുന്നു.


