ഹരിതകർമ്മസേനയെ അടുത്തറിഞ്ഞ് യുവജനങ്ങൾ ; യൂത്ത് മീറ്റ്‌സ് ഹരിതകർമ്മസേന

Kerala Pathanamthitta Special
Print Friendly, PDF & Email

പത്തനംതിട്ട – ശുചിത്വ-മാലിന്യ സംസ്‌ക്കരണ രംഗത്ത് ഹരിതകർമ്മസേനയുടെ ഇടപെടലും അവരുടെ പ്രശ്‌നങ്ങളും സമൂഹത്തിന് നൽകുന്ന സംഭാവനകളും അടുത്തറിഞ്ഞ് യൂവജനങ്ങൾ. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമ്മസേന സമൂഹത്തിന് നൽകുന്ന സംഭാവനകൾ പൊതുജനങ്ങളിലെത്തിക്കാൻ ശുചിത്വമിഷൻ സംഘടിപ്പിച്ച യൂത്ത് മീറ്റ്‌സ് ഹരിതകർമ്മസേന പരിപാടിയിലാണ് യുവജനങ്ങളും പത്തനംതിട്ട നഗരസഭയിലെ ഹരിതകർമ്മസേനയും സംവദിച്ചത്. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വമിഷനും പത്തനംതിട്ട നഗരസഭയും ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയേറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ജെറി അലക്‌സ് ന്റെ അധ്യക്ഷതയിൽ പത്തനംതിട്ട നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ഹരിതകർമസേന കൺസോർഷ്യം സെക്രട്ടറി കെ.ബിന്ദു ഉദ്ഘാടനം ചെയ്തു.

സുസ്ഥിര ജീവിതരീതികൾക്കായി മാതൃകാപരമായ മാലിന്യ സംസ്‌ക്കരണ രീതികളെക്കുറിച്ചുള്ള ബോധവത്കരണം, ഹരിതകർമ്മസേനക്ക് നൽകുന്ന പൊതുജനപിന്തുണ വർധിപ്പിക്കൽ, യൂവാക്കളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കൽ, മാലിന്യമുക്തം നവകേരളത്തിൽ യുവജനപങ്കാളിത്തം വർധിപ്പിക്കൽ എന്നിവയാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടത്. ജില്ലയിലെ പരിപാടിയിൽ നൂറോളം യുവജനപ്രതിനിധികളും നഗരസഭയിലെ ഹരിതകർമ്മസേനാംഗങ്ങളും പങ്കെടുത്തു. പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എൻജിനീയറിംഗ്, ചുട്ടിപ്പാറ സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസ്, കടമ്മനിട്ട മൗണ്ട് സിയോൺ കോളേജ് ഓഫ് എൻജിനീയറിംഗ്, കോന്നി സെന്റ് തോമസ് കോളേജ്, റാന്നി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് യുവജനപ്രതിനിധികളായി പങ്കെടുത്തത്.

ഹരിതകർമ്മസേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ, അവരുടെ തൊഴിൽ മേഖലയിൽ നേരിടുന്ന വെല്ലുവിളികൾ, സാമൂഹ്യപ്രശ്‌നങ്ങൾ തുടങ്ങിയവ യുവജനങ്ങലളുമായി ആശയവിനിമയം നടത്തി. ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യുവപ്രതിനിധികളും പങ്കുവച്ചു. പരിപാടിയുടെ ഭാഗമായിയുവജനങ്ങൾ ഹരിതകർമ്മസേനയോടൊപ്പം നഗരസഭയിലെ വീടുകളിൽ മാലിന്യശേഖരണത്തിൽ പങ്കെടുത്തു. ശേഖരിച്ച മാലിന്യങ്ങൾ ഹരിതകർമ്മസേന വിവിധ രീതികളിൽ തരംതിരിക്കുന്നത് യുവജനങ്ങൾക്ക് തത്സമയം പ്രദർശനം നടത്തി ബോധവത്കരണം നൽകി. കാര്യക്ഷമമായ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കൂടുതൽ യുവജനപങ്കാളിത്തം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ആർ.അജിത്ത് കുമാർ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ക്ലീൻ കേരള ജില്ലാ മാനേജർ ദിലീപ് കുമാർ, കില റിസോഴ്‌സ് പേഴ്‌സൺമാരായ എൻ.പ്രകാശ്,എം.കെ ഷിറാസ്,ടി.എം ജോസഫ്, കെ.എസ്.ഡബ്ലിയു.എം.പി ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പി.എം ഐശ്വര്യ , നവകേരളം മിഷൻ, ശുചിത്വമിഷൻ, കില ആർ.ജി.എസ്.എ ഉദ്യോഗസ്ഥർ, യുവജനക്ഷേമ ബോർഡ് വോളന്റിയർമാർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *