പത്തനംതിട്ട: ഇലന്തൂർ ഭഗവതിക്കുന്ന് ക്ഷേത്രത്തിൽ ഞായറാഴ്‌ച രാത്രിയുണ്ടായ മോഷണശ്രമത്തിലും ഉപദേവത വിഗ്രഹങ്ങൾ തകർത്തതുമായ കേസിൽ ഒരാൾ അറസ്‌റ്റിലായി. പെരുനാട് മൂഴിക്കൽ വീട്ടിൽ സുരേഷാ(48)ണ് പോലീസിന്റെ പിടിയിലായത്. ഇയാൾ കേസിൽ ഒന്നാം പ്രതിയാണ്. ഒപ്പമുണ്ടായിരുന്നവർക്കായി തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രി ക്ഷേത്രത്തിൽ അതിക്രമിച്ചു കടന്ന് കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 4000 രൂപയും, ഉപദേവതാലയങ്ങളുടെ പൂട്ടുപൊട്ടിച്ച് നാല് കിലോഗ്രാം തൂക്കം വരുന്നതും 20000 രൂപ വിലമതിയ്‌ക്കുന്നതുമായ ഓട് വിഗ്രഹപ്രഭയും 4000 രൂപ വിലവരുന്ന അഞ്ച് നിലവിളക്കുകളുമാണ് മോഷ്‌ടാക്കൾ കവർന്നത്. 28000 രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്.
ക്ഷേത്രഭാരവാഹി കൊണ്ടൂർ വീട്ടിൽ സുരേഷ് ജി. നായരുടെ മൊഴിപ്രകാരം ഇന്നലെ കേസെടുത്ത പത്തനംതിട്ട പോലീസ്, ക്ഷേത്രത്തിന് സമീപമുള്ള വീടുകളിലെയും കടകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. വിരലടയാള വിദഗ്‌ധരും ശാസ്‌ത്രീയ അന്വേഷണസംഘവും ഫോട്ടോഗ്രാഫി വിഭാഗവും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി ശാസ്‌ത്രീയ തെളിവുകളും വിരലടയാളങ്ങളും ശേഖരിച്ചിരുന്നു. കാരൂർ സെന്റ് പീറ്റേഴ്‌സ് പള്ളി കുരിശടി കുത്തിത്തുറക്കാനും ശ്രമമുണ്ടായിരുന്നു.
ഫോറൻസിക്, പോലീസ് ഡോഗ്‌സ്‌ക്വാഡ് എന്നിവയുടെസഹായത്തിൽ അന്വേഷണം പോലീസ് വ്യാപകമാക്കുകയായിരുന്നു. സംശയകരമായ നിലയിൽ സുരേഷിനെ തിങ്കളാഴ്‌ച രാത്രി 9.30ന് പത്തനംതിട്ട മാർക്കറ്റ് ജംഗ്‌ഷന് സമീപത്തുനിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്കു ശേഷം സേ്‌റ്റഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തു.

കുറ്റസമ്മതമൊഴിയുടെ അടിസ്‌ഥാനത്തിൽ തൊണ്ടിമുതലുകൾ പോലീസ് കണ്ടെടുത്തു. പത്തനംതിട്ട പോലീസ് സേ്‌റ്റഷനിലെ നാലു മോഷണക്കേസുകളിലും റാന്നി സേ്‌റ്റഷനിലെ രണ്ടും ആറന്മുള സേ്‌റ്റഷനിൽ രജിസ്‌റ്റർ ചെയ്‌ത ഒരു മോഷണക്കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പത്തനംതിട്ട ഡിവൈ.എസ്.പി വിനോദിന്റെ മേൽനോട്ടത്തിൽ പോലീസ് ഇൻസ്‌പെക്‌ടർ രജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണസംഘത്തിൽ എസ്‌ഐമാരായ അനൂപ് ചന്ദ്രൻ, ഷിബു, സജു ഏബ്രഹാം, എസ്.സി.പി.ഒ. ബൈജു സി.പി.ഓമാരായ സനൽ, ശ്രീലാൽ എന്നിവരാണുള്ളത്.


