മാരാമൺ കൺവൻഷൻ : ഫെബ്രുവരി 11 മുതൽ 18 വരെ

Pathanamthitta

പത്തനംതിട്ട – ഫെബ്രുവരി 11 മുതൽ 18 വരെ നടക്കുന്ന മാരാമൺ കൺവൻഷനുമായി ബന്ധപ്പെട്ട് വിപുലമായ തയ്യാറെടുപ്പുകൾ നടത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൺവൻഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പ്രഥമയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കൺവൻഷൻ നഗറിനു സമീപമുള്ള നദീതീരങ്ങളിലും അപകടസാധ്യത കൂടിയ മേഖലകളിലും സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി ഏർപ്പെടുത്തണം. ഇത്തരം മേഖലകളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും ജലാശയങ്ങളിൽ ഇറങ്ങുന്നത് തീർഥാടകർ ഒഴിവാക്കണം. കൺവൻഷൻ നഗറിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫയർ ആൻഡ് റെസ്‌ക്യൂ യൂണിറ്റ് ക്രമീകരിക്കണം. സ്‌കൂബാ ഡൈവിങ് ടീമിന്റെ സേവനം ഉറപ്പാക്കണം. ക്രമാസമാധാനപാലനം, സുരക്ഷ, പാർക്കിംഗ് ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങൾ പോലീസ് വകുപ്പ് സജ്ജമാക്കണം. മഫ്തി, വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കണ്ട്രോൾ റൂം സ്ഥാപിക്കണം. കൺവൻഷൻ നഗറിൽ ആംബുലൻസ് സൗകര്യത്തോട് കൂടി പൂർണ്ണസജ്ജമായ മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാക്കണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയും സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും പ്രവർത്തനസമയം ക്രമീകരിച്ച് സജ്ജമാക്കണം. അണുനശീകരണവും ശുചീകരണപ്രവർത്തങ്ങളും കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കൺവൻഷൻ നഗറിലും പരിസര പ്രദേശങ്ങളിലും വ്യാജമദ്യ വില്പന, നിരോധിത ലഹരി വസ്തുക്കളുടെ വില്പന തുടങ്ങിയവ തടയുന്നതിനുള്ള നടപടികൾ എക്സൈസ് സ്വീകരിക്കണം.

കൺവൻഷൻ നഗറിലേക്കുള്ള എല്ലാ റോഡുകളും പരിശോധിച്ച് ആവശ്യമായ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ പൊതുമരാമത്തു നിരത്ത് വിഭാഗത്തിന് നിർദേശം നൽകി. റോഡ് സൈഡിലുള്ള അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കണമെന്നും യാചക നിരോധനം ഏർപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനമായി. ഹരിത പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും മാലിന്യനിർമാജനം കുറ്റമറ്റ രീതിയിൽ നടത്തണമെന്നും മന്ത്രി നിർദേശം നൽകി.

കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് മണിക്കൂറിൽ 1000 ലിറ്റർ ശേഷിയുള്ള രണ്ട് ആർ.ഓ യൂണിറ്റുകളും താത്കാലിക ടാപ്പുകളും അടക്കമുള്ള ക്രമീകരണങ്ങൾ വാട്ടർ അതോറിറ്റി സജ്ജീകരിക്കും. കുടിവെള്ളത്തിന്റെ ശുദ്ധത പരിശോധിച്ച് ഉറപ്പു വരുത്തണം. പത്തനംതിട്ട, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര, തിരുവല്ല, അടൂർ സ്റ്റേഷനുകളിൽ നിന്നും ആവശ്യാനുസരണം അധിക സർവീസുകൾ കെഎസ്ആർടിസി നടത്തും. കൺവൻഷൻ നഗറിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഉറപ്പാക്കണം. തകരാറിലായ തെരുവുവിളക്കുകൾ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ നന്നാക്കുന്നതിനുള്ള നടപടി കെ.എസ്.ഇ.ബി സ്വീകരിക്കണം. പമ്പ ഇറിഗേഷൻ വിഭാഗം മണിയാർ ഡാമിൽ നിന്നുമുള്ള ജലനിർഗമനം നിയന്ത്രിക്കണം. പമ്പ നദിയിലെ ജല വിതാനം ക്രമീകരിക്കണമെന്ന് മൂഴിയാർ കെ.എസ്.ഇ.ബി ജനറേഷൻ സർക്കിളിന് നിർദേശം നൽകി. സമ്മേളന സ്ഥലത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം സന്ദർശനം നടത്തി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ജില്ലാ കളക്ടർ എ. ഷിബു, ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, മലബാർ മാർത്തോമ്മ സിറിയൻ ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ പ്രസിഡന്റ് റൈറ്റ് റവ. ഡോ. ഐസക് മാർ ഫിലോക്സിനോസ്, ജനറൽ സെക്രട്ടറി എബി കെ. ജോഷ്വ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *